കെ റെയിൽ: നാലുകാര്യങ്ങളിൽ വ്യക്തത വേണമെന്ന് ഹൈക്കോടതി
സാമൂഹികാഘാത പഠനം നടത്തുന്നതിൽ തെറ്റില്ല, എന്നാൽ ഇതിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് കോടതി പറഞ്ഞു. കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രധാന പ്രശ്‌നമെന്നും കോടതി ചൂണ്ടിക്കാട്ടി.
Update: 2022-04-07 11:41 GMT
കൊച്ചി: കെ റെയിൽ സംബന്ധിച്ച് നാലു കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ഹൈക്കോടതി. മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടുന്നത്?, സാമൂഹികാഘാത പഠനം നടത്താൻ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ? പുതുച്ചേരിയിലൂടെ റെയിൽ പോകുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളിൽ നാളെ മറുപടി നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.
സാമൂഹികാഘാത പഠനം നടത്തുന്നതിൽ തെറ്റില്ല, എന്നാൽ ഇതിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് കോടതി പറഞ്ഞു. കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രധാന പ്രശ്‌നമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വലിയ കല്ലുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ ഭൂവുടമക്ക് ലോണുകൾ ലഭിക്കുമോ എന്നും ലോൺ നൽകാൻ ബാങ്കുകളോട് നിർദേശിക്കാൻ സർക്കാരിന് കഴിയുമോ എന്നും കോടതി വാക്കാൽ ആരാഞ്ഞു.