കെ റെയിൽ സർവേ കല്ലുകൾ പൊതുമുതലാണോ? പൊലീസിന് ആശയക്കുഴപ്പം
പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പ് നിലനിൽക്കുമോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി
കെ റെയിൽ സർവേ കല്ലുകൾ പൊതുമുതൽ ആണോ എന്ന കാര്യത്തിൽ പൊലീസിന് ആശയക്കുഴപ്പം. ഇതേതുടർന്ന് കണ്ണൂർ ചാലയിൽ കെ റെയിൽ സർവേ കല്ലുകൾ പിഴുത് പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തിയ കേസിൽ പൊലീസ് നിയമോപദേശം തേടി. പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പ് കേസിൽ നിലനിൽക്കുമോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്.
കഴിഞ്ഞ മാസം 21നായിരുന്നു ചാലയിലെ കെ റയിൽ വിരുദ്ധ സമരം. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവർത്തകർ സർവേ കല്ലുകൾ പിഴുതെറിഞ്ഞു പ്രതിക്ഷേധിച്ചത്. പിന്നാലെ കണ്ണൂർ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് അടക്കമുള്ള നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചെന്നതായിരുന്നു കുറ്റം. എന്നാൽ കേസിൽ അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് പൊലീസ് കടന്നില്ല. സർവേക്കല്ലുകൾ പൊതുമുതലിന്റെ പരിധിയിൽ വരുമോ എന്നത് സംബന്ധിച്ച് പോലീസിനുള്ളിൽ തന്നെ ഉടലെടുത്ത അവ്യക്തതയായിരുന്നു കാരണം. ഇതോടെയാണ് ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ പൊലീസ് തീരുമാനിച്ചത്.
ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറോടാണ് ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയിട്ടുള്ളത്. എന്തായാലും സർവേ കല്ല് പൊതുമുതൽ ആണോ എന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിട്ട് മതി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ എന്ന നിർദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്.