'സമ്മതം വാങ്ങി കെ റെയിൽ സർവേ നടത്താനാകില്ല'; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ

വലിയ മഞ്ഞ കല്ലും നോട്ടീസുമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന് കോടതി

Update: 2022-04-08 16:21 GMT
Advertising

കൊച്ചി: സ്ഥലയുടമക്ക് മുൻകൂർ നോട്ടീസ് നൽകി സമ്മതം വാങ്ങി കെ റെയിൽ സർവേ നടത്താനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇത്തരത്തിൽ സമ്മതം വാങ്ങി സർവേ നടത്തിക്കൂടെയെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടി പറയവേയാണ് സർക്കാർ നിലപാട് അറിയിച്ചത്. എന്നാൽ സർവേ നടക്കുന്ന ഭൂവുടമകൾക്ക് ബാങ്കുകൾ ലോൺ നൽകുന്ന കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹരജിയിൽ വിധി പറയുന്നത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മാറ്റിവെച്ചു. മുൻകൂർ അനുമതി തേടാതെ വീടുകളുടെ അകത്ത് കയറി കല്ലിടുന്നത് എങ്ങനെയെന്നും അങ്ങനെ ചെയ്യുന്നത് അവരെ ഭയപ്പെടുത്തത് അല്ലേയെന്നും കോടതി ചോദിച്ചിരുന്നു.

അതേസമയം വലിയ മഞ്ഞ കല്ലും നോട്ടീസുമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന് കോടതി വിലയിരുത്തി. സർവേ നടത്തുന്നത് സംസ്ഥാന സർക്കാർ അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ പ്രതിനിധി കോടതിയെ അറിയിച്ചു. റെയിൽവേ ഭൂമിയിൽ കല്ലിടരുതെന്നും കേന്ദ്രം പറഞ്ഞു.

കെ- റെയിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് സിമന്‍റിട്ട് കല്ലുകള്‍ ഉറപ്പിക്കുന്നതെന്തിനെന്ന് ഹൈക്കോടതി മുമ്പ് ചോദിച്ചിരുന്നു. സാമൂഹികാഘാത പഠനത്തിന് ശേഷം കല്ലുകൾ മാറ്റുമോയെന്നും കോടതി ചോദിച്ചു. ഭൂമി ഏറ്റെടുക്കാൻ കുറെ സമയമെടുക്കും അതുവരെ കല്ലുകൾ അവിടെ കിടക്കുമോയെന്നും തോന്നുന്നത് പോലെ ചെയ്യാനല്ല സുപ്രിം കോടതി പറഞ്ഞതെന്നും കോടതി വ്യക്തമാക്കി.കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുയരുന്ന സാഹചര്യത്തില്‍ അതില്‍ വ്യക്തത വരുത്തണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിലപാടെടുത്തത്. കെറെയിലിന് വേണ്ടി സ്ഥാപിക്കുന്ന കല്ല് സ്ഥിരമാണോ, നോട്ടീസ് ഇല്ലാതെ ജനങ്ങളുടെ സ്വത്തില്‍ പ്രവേശിക്കുന്നത് എങ്ങനെ? ഈ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കില്‍ സര്‍ക്കാരിന് ഇനി ഹരജി പരിഗണിക്കുന്ന ഏപ്രില്‍ ആറിന് അറിയിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഹരജിക്ക് പുറത്തുള്ള കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം സര്‍ക്കാരിന്‍റെ താല്‍പര്യവും കോടതി കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കേരളത്തില്‍ സില്‍വര്‍ ലൈന്‍ അനുകൂലിക്കുന്നവര്‍ മറ്റിടങ്ങളിലെ സമാനമായ പദ്ധതികളെ എതിര്‍ക്കുകയാണ്. സില്‍വര്‍ ലൈനിലെ സുപ്രിം കോടതി ഉത്തരവ് രാജ്യത്തെ എല്ലാ പദ്ധതികള്‍ക്കും ബാധകമാണ്. കോടതി വന്‍കിട പദ്ധതികള്‍ക്ക് എതിരാണെന്ന പ്രതീതി സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് ശരിയല്ല. സാമൂഹികാഘാത പഠനത്തിനായി ഇത്രയും വലിയ കല്ലുകള്‍ സ്ഥാപിക്കുന്നത് എന്തിനാണ്. കല്ലുകളിടുന്ന ഭൂമി ബാങ്കിൽ ഈ പണയം വെക്കാമോ എന്ന് പറയണം. എല്ലാവര്‍ക്കും സംശയമുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.ഇതിനിടെ, ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടതെന്നും കെ- റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് നാഗരേഷ് തള്ളി. ഇത് റെയില്‍വേയുടെ പ്രത്യേക പദ്ധതിയല്ലെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ വിജ്ഞാപനം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.


Full View


'K Rail survey cannot be conducted with consent'state government in high court

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News