‘തനിക്ക് പങ്കില്ലാത്ത തെറ്റുകളുടെ കുരിശ് ഏറ്റെടുക്കുന്നു’; കേരള ഗാന വിവാദത്തിൽ വിശദീകരണവുമായി കെ. സച്ചിദാനന്ദൻ

ബാലചന്ദ്രൻ ചുള്ളിക്കാടിന് നിസാര പ്രതിഫലം നൽകിയതും ശ്രീകുമാരൻ തമ്പിയുടെ ഗാനം തിരസ്കരിച്ചതും സാഹിത്യ അക്കാദമിയെ പ്രതിരോധത്തിലാക്കിയിരുന്നു

Update: 2024-02-11 05:43 GMT
Advertising

തിരുവനന്തപുരം: കേരള ഗാന വിവാദത്തിൽ വിശദീകരണ പോസ്റ്റുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. തനിക്ക് പങ്കില്ലാത്ത തെറ്റുകളുടെ കുരിശ് ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും. ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും’ -സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

ബാലചന്ദ്രൻ ചുള്ളിക്കാടിന് നിസാര പ്രതിഫലം നൽകിയതും ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തിരസ്കരിച്ചതും സാഹിത്യ അക്കാദമിയെ പ്രതിരോധത്തിലാക്കിയിരുന്നു. സാഹിത്യ അക്കാദമി തന്നെ അപമാനിച്ചെന്നും സാഹിത്യ അക്കാദമിയെ വിമർശിച്ചതിന് പകപ്പോക്കുകയാണെന്നുമാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം.

കേരള സർക്കാറിന് ഒരു കേരള ഗാനം എഴുതി നൽകാൻ അക്കാദമി സെക്രട്ടറി ആവശ്യപ്പെട്ടിരുന്നുവെന്നും ഗാനമെഴുതിയശേഷം അത് സ്വീകരിച്ചോ ഇല്ലയോ എന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നും താൻ അപമാനിക്കപ്പെട്ടതിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ മറുപടി പറയണമെന്നുമാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത്. സാഹിത്യ അക്കാദമിക്ക് വേണ്ടി തന്റെ പാട്ട് ഇനി നൽകില്ലെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News