കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചിട്ടില്ല, നടക്കുന്നത് വ്യാജപ്രചാരണം: കെ സുധാകരന്‍
'കോൺഗ്രസ് - ലീഗ് നേതാക്കൾക്കിടയിൽ ഭിന്നിപ്പ് വരുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്'
കണ്ണൂര്‍: അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഡ്വ. ടി.പി ഹരീന്ദ്രന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ സംസാരിച്ചു എന്ന രീതിയിൽ വ്യാജപ്രചാരണം നടക്കുകയാണ്. കോൺഗ്രസ് - ലീഗ് നേതാക്കൾക്കിടയിൽ ഭിന്നിപ്പ് വരുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ഗുരുതരമാണെന്ന സുധാകരന്‍റെ പരാമര്‍ശം യു.ഡി.എഫ് യോഗത്തിൽ ഉന്നയിക്കുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നാണ് കണ്ണൂരിലെ അഭിഭാഷകനായ ടി.പി ഹരീന്ദ്രൻ ആരോപിച്ചത്. അരിയിൽ ഷുക്കൂർ വധക്കേസിൽ ആദ്യഘട്ടത്തിൽ പൊലീസിന് നിയമോപദേശം നൽകിയ അഭിഭാഷകനാണ് ടി.പി ഹരീന്ദ്രൻ.
കേസിൽ പി ജയരാജനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്നാണ് ടി.പി ഹരീന്ദ്രൻ ആരോപിച്ചത്. അന്നത്തെ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ നായരെ ഫോണിൽ വിളിച്ച് കൊലക്കുറ്റം ചുമത്തരുതെന്ന് നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവി ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയുമായി സംസാരിക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണ്. ഗൂഢാലോചനാക്കുറ്റം കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പായി മാറിയെന്നും ഇത് സമ്മർദത്തിന്റെ ഭാഗമാണെന്നുമാണ് ടി.പി ഹരീന്ദ്രൻ ആരോപിച്ചത്.
അതേസമയം അരിയിൽ ഷുക്കൂർ വധക്കേസിൽ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം അസംബന്ധമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. നിയമ നടപടികളുമായി മുന്നോട്ട് പോകും. ആരോപണം ഗൗരവമുള്ളതെന്ന സുധാകരന്റെ പരാമർശം യുഡിഎഫിൽ ഉന്നയിക്കുമെന്നും പിഎംഎ സലാം പറഞ്ഞു. ഇത് മുസ്‍ലിം ലീഗിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ്. ഈ ഗൂഢാലോചനയുടെ പിന്നിൽ ആരാണെന്നത് വെളിച്ചത്ത് കൊണ്ടുവരുമെന്നും പി.എം.എ സലാം വ്യക്തമാക്കി.
സുധാകരന്‍റെ പ്രസ്താവനയുടെ പൂര്‍ണരൂപം
മുസ്‍ലിം ലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ ഞാൻ സംസാരിച്ചു എന്ന രീതിയിൽ ഒരു വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
അബദ്ധജടിലമായ വ്യാജ പ്രചാരണമാണിത്. കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ കണ്ണൂർ ഡിസിസിയിൽ എത്തിയപ്പോൾ അഭിഭാഷകനായ ടി പി ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാൽ പഠിച്ചിട്ട് പ്രതികരിക്കാം എന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു. പറയുന്ന കാര്യങ്ങളിലെ അന്തസത്ത ഉൾക്കൊള്ളാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് എന്തുതരം മാധ്യമപ്രവർത്തനമാണ്?
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇ പി ജയരാജൻ ഗുരുതരമായ ആരോപണങ്ങൾ നേരിടുമ്പോൾ അതിൽനിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണോ ഇത്തരമൊരു വിവാദത്തിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കുഞ്ഞാലിക്കുട്ടി സാഹിബിന് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്. അരിയിൽ ഷുക്കൂറിനെ കൊന്നതും കൊല്ലിച്ചതും കൊലയാളികളെ സംരക്ഷിക്കുന്നതും സിപിഎം എന്ന ക്രിമിനൽ പാർട്ടി തന്നെയാണ്. നേതാക്കളെ കരിവാരിത്തേക്കാനായി ഉന്നയിച്ച വ്യാജ ആരോപണങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കും.
പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് വ്യാജ വാർത്തകളാക്കി കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾക്കിടയിൽ ഭിന്നിപ്പ് വരുത്താനുള്ള പാഴ്ശ്രമങ്ങൾ സ്ഥാപിത താല്പര്യക്കാർ കുറച്ചു കാലങ്ങളായി നടത്തുന്നുണ്ട് .അത്തരം വ്യാജ പ്രചാരണങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർ വീണുപോകരുതെന്ന് സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു.