'സ്ത്രീയുടെ സ്വകാര്യതയില്‍ ക്യാമറയുമായി അതിക്രമിച്ചുകയറി; നിറത്തെ പോലും പരിഹസിക്കുന്നത് സിപിഎമ്മിന്‍റെ വർണവെറി'
രമ്യ ഹരിദാസിന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
ലോക്ഡൌണ്‍ ലംഘന വിവാദത്തില്‍ ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആലത്തൂരിന്‍റെ ഇരുണ്ട ചെങ്കോട്ടകളിലേക്ക് ജനാധിപത്യത്തിന്‍റെ മൂവർണ്ണക്കൊടിയുമായി രമ്യാ ഹരിദാസ് എന്ന പെൺപോരാളി ഇറങ്ങിച്ചെന്ന നാൾ മുതൽ സിപിഎമ്മിന്‍റെ അസഹിഷ്ണുത കേരളത്തിലെ പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുകയാണെന്ന് കെ സുധാകരന്‍ ഫേസ് ബുക്കില്‍ കുറിച്ചു. പൊതുപ്രവർത്തനത്തിന്‍റെ ഭാഗമായി നിരത്തിലിറങ്ങിയ രമ്യ ഹരിദാസ് ഭക്ഷണം വാങ്ങാനായി ഹോട്ടലിൽ കാത്തിരിക്കുമ്പോൾ അവരെ ഉപദ്രവിക്കാൻ ചിലര്‍ ശ്രമിച്ചെന്നും സുധാകരന്‍ ആരോപിച്ചു.
രാഷ്ട്രീയ പ്രവർത്തകർ ഭക്ഷണം നൽകാനും മരുന്നുകൾ നൽകാനും ഒക്കെയായി ലോക് ഡൗൺ സമയത്തും തെരുവിലുള്ളത് കൊണ്ടാണ് കോവിഡ് പ്രതിരോധത്തിൽ പിണറായി വിജയൻ പൂർണമായി പരാജയപ്പെട്ടിട്ടും കേരളം ശവപ്പറമ്പ് ആകാതെ പിടിച്ചു നിൽക്കുന്നത്. അത്തരത്തിൽ ജനസേവനത്തിനിറങ്ങുന്നവരോടുള്ള സാമാന്യ മര്യാദയുടെ പേരിലാകാം ഭക്ഷണം ഓർഡർ ചെയ്തപ്പോൾ അവിടെ ഇരിക്കാൻ ഹോട്ടലുടമ അവസരം കൊടുത്തിട്ടുണ്ടാകുക. രമ്യയുടെ സ്വകാര്യതയിൽ അതിക്രമിച്ചു കയറിയതിനു ശേഷം സോഷ്യൽ മീഡിയ വഴി സിപിഎം വക വ്യക്തിഹത്യയും തുടങ്ങിയിരിക്കുന്നു . അവരുടെ നിറത്തെ പോലും പരിഹസിക്കുന്നത് സിപിഎമ്മിന്‍റെ രക്തത്തിലുള്ള വർണവെറി വിളിച്ചോതുന്നുണ്ട്. രമ്യ ഹരിദാസിനെ രാഷ്ട്രീയമായി നേരിടൂ. വ്യക്തിഹത്യയും വ്യക്തിപൂജയും അല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് ഇനിയെങ്കിലും തിരിച്ചറിയൂ എന്നും സുധാകരന്‍ വിശദീകരിച്ചു.
ഇന്ത്യാ മഹാരാജ്യത്തിന് വേണ്ടി വെടിയുണ്ടകൾ ഗർഭപാത്രത്തിൽ പോലും ഏറ്റുവാങ്ങിയ ഇന്ദിരാ ഗാന്ധിയുടെ പിൻമുറക്കാരിയാണ് രമ്യ ഹരിദാസ്. ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാൻ ഭീഷണിയുടെ ആജ്ഞാ സ്വരങ്ങളുമായി ആര് തന്നെ വന്നാലും പ്രതിരോധം തീർക്കാനും പ്രതിഷേധമുയർത്താനും കരുത്തുള്ള മഹാപ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന കാര്യം അക്രമകാരികൾ മറക്കരുത്. രമ്യ ഹരിദാസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം സ്ത്രീയുടെ സ്വകാര്യതയിൽ ക്യാമറയുമായി അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ ആവശ്യപ്പെടുകയാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കെ സുധാകരന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം
ആലത്തൂരിന്‍റെ ഇരുണ്ട ചെങ്കോട്ടകളിലേക്ക് ജനാധിപത്യത്തിന്‍റെ മൂവർണ്ണക്കൊടിയുമായി രമ്യാ ഹരിദാസ് എന്ന പെൺപോരാളി ഇറങ്ങിച്ചെന്ന നാൾ മുതൽ സിപിഎമ്മിന്‍റെ അസഹിഷ്ണുത കേരളത്തി പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. അശ്ലീലചുവ നിറഞ്ഞ പരിഹാസം കൊണ്ടാണ് ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ആ പെൺകുട്ടിയെ ആദ്യം നേരിട്ടത്. എല്ലാ പരിഹാസങ്ങളെയും കുപ്രചരണങ്ങളെയും കാറ്റിൽ പറത്തി ആലത്തൂരിന്‍റെ ജനഹൃദയം രമ്യ ഹരിദാസിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നത് പുതുചരിത്രം.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സ്വന്തം മണ്ഡലത്തിലെ ഹരിതസേനാ പ്രവർത്തകരെ കാണാനായി എത്തിയ രമ്യ ഹരിദാസ് എംപിയെ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞത് രാഷ്ട്രീയ കേരളം കണ്ടിരുന്നു. ആലത്തൂരിൽ കാലുകുത്തിയാൽ കാല് വെട്ടുമെന്നായിരുന്നു അന്ന് സിപിഎം നേതാക്കളുടെ ഭീഷണി ! സ്ത്രീകളുടെ അഭിമാനത്തെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന തരത്തിലുള്ള സിപിഎം അക്രമങ്ങൾ പ്രാകൃത നൂറ്റാണ്ടുകളിലെ കാട്ടുനീതിയാണ്!
ഒടുവിലിതാ പൊതുപ്രവർത്തനത്തിന്‍റെ ഭാഗമായി നിരത്തിലിറങ്ങിയ രമ്യ ഹരിദാസ് ഭക്ഷണം വാങ്ങാനായി ഹോട്ടലിൽ കാത്തിരിക്കുമ്പോൾ അവരെ ഉപദ്രവിക്കാൻ ചിലരുടെ ശ്രമമുണ്ടായിരിക്കുന്നു. ഒരു മന്ത്രിയുടെ പാർട്ടി ലോക് ഡൗൺ ലംഘിച്ച് തെരുവിൽ തമ്മിൽത്തല്ലുന്നത് ഇന്നലെ തന്നെ കേരളം കണ്ടു. കോവിഡ് പോസിറ്റീവ് ആയ മുഖ്യമന്ത്രി നിയമം ലംഘിക്കുന്നതും നാം കണ്ടിരുന്നു. അപ്പോൾ ഒന്നും തോന്നാത്ത അസഹിഷ്ണുത ജനങ്ങളെ സഹായിക്കാൻ പുറത്തിറങ്ങിയതിൻ്റെ പേരിൽ രമ്യ ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകർ നേരിടുന്നതിന്‍റെ പിന്നിൽ കേവലം രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് കാരണം.
രാഷ്ട്രീയ പ്രവർത്തകർ ഭക്ഷണം നൽകാനും മരുന്നുകൾ നൽകാനും ഒക്കെയായി ലോക് ഡൗൺ സമയത്തും തെരുവിലുള്ളത് കൊണ്ടാണ് കോവിഡ് പ്രതിരോധത്തിൽ പിണറായി വിജയൻ പൂർണ്ണമായി പരാജയപ്പെട്ടിട്ടും കേരളം ശവപ്പറമ്പ് ആകാതെ പിടിച്ചു നിൽക്കുന്നത്. അത്തരത്തിൽ ജനസേവനത്തിനിറങ്ങുന്നവരോടുള്ള സാമാന്യ മര്യാദയുടെ പേരിലാകാം ഭക്ഷണം ഓർഡർ ചെയ്തപ്പോൾ അവിടെ ഇരിക്കാൻ ഹോട്ടലുടമ അവസരം കൊടുത്തിട്ടുണ്ടാകുക. രമ്യയുടെ സ്വകാര്യതയിൽ അതിക്രമിച്ചു കേറിയതിനു ശേഷം സോഷ്യൽ മീഡിയ വഴി സിപിഎം വക വ്യക്തിഹത്യയും തുടങ്ങിയിരിക്കുന്നു . അവരുടെ നിറത്തെ പോലും പരിഹസിക്കുന്നത് സിപിഎമ്മിന്‍റെ രക്തത്തിലുള്ള വർണ്ണവെറി വിളിച്ചോതുന്നുണ്ട്. നിങ്ങളുടെ കോട്ട തകർത്ത രമ്യ ഹരിദാസിനെ നിങ്ങൾ രാഷ്ട്രീയമായി നേരിടൂ. വ്യക്തിഹത്യയും വ്യക്തിപൂജയും അല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് ഇനിയെങ്കിലും തിരിച്ചറിയൂ.
"ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തിക്കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു " എന്ന ഒറ്റ വാചകത്തിലൂടെ താൻ സഹിച്ച കഷ്ടപ്പാടുകൾ നമ്മളോട് വിളിച്ചു പറഞ്ഞ സഖാവ് ഗൗരിയമ്മയോട് പോലും സിപിഎം എന്ന മനുഷ്യ വിരുദ്ധ പ്രസ്ഥാനം ചെയ്ത ക്രൂരതകൾ രാഷ്ട്രീയ കേരളം മറന്നിട്ടില്ല. ഗൗരിയമ്മയ്ക്ക് കൊടുക്കാത്ത നീതി സിപിഎം മറ്റൊരു സ്ത്രീയ്ക്ക് കൊടുക്കില്ലെന്ന് ഉറപ്പാണെങ്കിലും പ്രബുദ്ധ കേരളം ഈ സ്ത്രീവിരുദ്ധ പ്രസ്ഥാനത്തെ ഇനിയെങ്കിലും തിരിച്ചറിയാൻ ഇത്തരം സംഭവങ്ങൾ നിമിത്തമാകണം.
ഒരു സ്ത്രീ പീഡനം ഒതുക്കി തീർക്കാൻ മന്ത്രി നേരിട്ടിടപെടുന്നതും ആ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതും സമീപകാലത്ത് നാം കണ്ടതാണ്. ഈ കേരളത്തിൽ വനിതാ ജനപ്രതിനിധി പോലും നിരന്തരം ആക്രമിക്കപ്പെടുമ്പോൾ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഒന്നാലോചിച്ച് നോക്കൂ .തങ്ങൾക്കെതിരെ രാഷ്ട്രീയ പ്രവർത്തനത്തിന് വന്നാൽ ഏത് സ്ത്രീയെയും ആക്രമിക്കുന്ന ജീർണ്ണിച്ച മാനസികാവസ്ഥയിലേയ്ക്ക് സിപിഎം പ്രവർത്തകരും നേതാക്കളും "സഹയാത്രികരും " അധഃപതിച്ചിരിക്കുന്നുവെന്നതിന്‍റെ ഉദാഹരണങ്ങളാണ് കുമാരി രമ്യയ്ക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന വ്യക്തിഹത്യകൾ. കേരളത്തിന്‍റെ സാംസ്ക്കാരിക ലോകം ഈ വിഷയത്തിലും കുറ്റകരമായ മൗനം പാലിക്കുന്നുവെന്നത് അങ്ങേയറ്റം അപലപനീയമാണ്. ഒരു ജനപ്രതിനിധിയോട് എന്നതിലുപരി, പിന്നാക്ക സമുദായത്തിൽ നിന്നും പോരാടി ഉയർന്നു വന്ന ഒരു പെൺകുട്ടിയെയാണ് നിങ്ങൾ തുടർച്ചയായി വ്യക്തിഹത്യ ചെയ്യുന്നത്.
അത്തരത്തിൽ അക്രമത്തിന് മുതിരുന്ന സിപിഎം പ്രവർത്തകരോട് പറയുവാനുള്ളത്, ഇന്ത്യാ മഹാരാജ്യത്തിന് വേണ്ടി വെടിയുണ്ടകൾ ഗർഭപാത്രത്തിൽ പോലും ഏറ്റുവാങ്ങിയ ഇന്ദിരാ ഗാന്ധിയുടെ പിൻമുറക്കാരിയാണ് ആലത്തൂരിന്‍റെ ജനകീയ എം.പി രമ്യ ഹരിദാസ്. ഒരുപാട് മഹാൻമാരുടെ രക്തം പുരണ്ടു തന്നെ വാനിലുയർന്ന, ഭാരതത്തിന്‍റെ ജീവവായുവായ മൂവർണ്ണക്കൊടിയാണ് ആ കൈകളിലേന്തുന്നത്. ആ കൊടിയുടെയും കൊടിയേന്തിയവരുടെയും ധീരസ്മരണകൾ മാത്രം മതി ഉറച്ച ചുവടുകളോടെ നിങ്ങളെ നേരിടാൻ.
ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാൻ ഭീഷണിയുടെ ആജ്ഞാ സ്വരങ്ങളുമായി ആര് തന്നെ വന്നാലും പ്രതിരോധം തീർക്കാനും പ്രതിഷേധമുയർത്താനും കരുത്തുള്ള മഹാപ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന കാര്യം അക്രമകാരികൾ മറന്നു പോകരുത്. ആലത്തൂർ എം.പി കുമാരി രമ്യ ഹരിദാസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം സ്ത്രീയുടെ സ്വകാര്യതയിൽ ക്യാമറയുമായി അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ശക്തിയുക്തം ആവശ്യപ്പെടുന്നു.
ആലത്തൂരിൻ്റെ ഇരുണ്ട ചെങ്കോട്ടകളിലേയ്ക്ക് ജനാധിപത്യത്തിൻ്റെ മൂവർണ്ണക്കൊടിയുമായി രമ്യാ ഹരിദാസ് എന്ന പെൺപോരാളി...
Posted by K Sudhakaran on Monday, July 26, 2021