'പത്മജ പാർട്ടിയോട് കാണിച്ചത് വിശ്വാസവഞ്ചന'; അർഹമായ സ്ഥാനങ്ങൾ കൊടുത്തിട്ടുണ്ടെന്ന് കെ.സുധാകരൻ
പത്മജ ഉന്നയിച്ച പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചിട്ടുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.
ഡൽഹി: പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനം പാർട്ടിയോട് കാണിച്ച വിശ്വാസ വഞ്ചനയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. പത്മജ ഉന്നയിച്ച പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചിട്ടുണ്ട്. അർഹമായ സ്ഥാനങ്ങൾ കൊടുത്തിട്ടുണ്ട്. പത്മജ പാർട്ടി വിട്ട് പോകുന്നത് ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കോൺഗ്രസിന് അനുകൂലമാണെന്നും കെ.സുധാകരൻ പറഞ്ഞു.
കോൺഗ്രസിൽ നിരന്തര അവഗണന നേരിട്ടു എന്ന് പരാതിപ്പെട്ടാണ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ പത്മജ കോൺഗ്രസ് വിടുന്നത്. ഒരു തവണ പാർലമെന്റിലേക്കും രണ്ട് തവണ നിയമ സഭയിലേക്കും മത്സരിച്ച പത്മജയെ അവഗണിച്ചിട്ടില്ലെന്ന് അനുനയത്തിനിറങ്ങിയ നേതാക്കൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെടുത്താൻ മുന്നിട്ടിറങ്ങിയവർക്കെതിരെ നടപടി ഉണ്ടായില്ലെന്നാണ് പത്മജ കുറ്റപ്പെടുത്തുന്നത്. പരാതി നേതൃത്വം കീറികളഞ്ഞെന്നാണ് ഭർത്താവ് ഡോ.വേണുഗോപാലിന്റെ വാദം.
ഉപാധികൾ ഇല്ലാതെയാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് പത്മജ അവകാശപ്പെടുന്നുണ്ടെങ്കിലും ഒഴിഞ്ഞു കിടക്കുന്ന ഗവർണർ പദവി, രാജ്യസഭാ സീറ്റ് എന്നിവയിലാണ് അവരുടെ കണ്ണ്. ഫേസ്ബുക്കിലെ ബയോയിൽ നിന്നും കോൺഗ്രസ് നേതാവ് എന്ന ഭാഗം ഇന്നലെ തന്നെ എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനം ഇന്നലെയാണ് എടുത്തതെന്നും പത്മജ പറഞ്ഞു.