കടയടപ്പിക്കാനുള്ള നടപടികളുമായി പൊലീസ് ഇറങ്ങിയാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാകും: കെ. സുധാകരന്‍
കടം കേറി സ്വന്തം കുടുംബത്തിലെ അംഗങ്ങളുടെ സ്വർണം വരെ വിൽക്കേണ്ടി വന്നു ആത്മഹത്യ മുന്നിൽക്കാണുന്ന കച്ചവടക്കാരോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് വ്യാപാരികളുടെ ആവശ്യത്തിന് പിന്തുണയുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. അള മുട്ടിയാൽ അരണയും കടിക്കുമെന്ന പഴമൊഴി ഇവിടെ പ്രാവർത്തികമാവുകയാണ്. നിസഹായത കൊണ്ടാണ് വ്യാപാരികൾ കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. സർക്കാരിന്റെ കണ്ണിൽ അത് തെറ്റായിരിക്കാം പക്ഷേ അവരെ അനുനയിപ്പിക്കാനും അവർക്കാവശ്യമായ സഹായങ്ങളും എത്തിക്കാൻ ബാധ്യതപ്പെട്ട ഒരു സർക്കാർ തെരുവ് ഭാഷയിൽ പ്രതികരിച്ചത് കേരളത്തിലെ സമൂഹമനസാക്ഷിക്ക് മുമ്പിൽ ഒരു ചോദ്യ ചിഹ്നമാണ്- കെ. സുധാകരൻ പറഞ്ഞു.
ഒരിക്കലും ഒരു മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കാത്ത വാക്കുകളാണ് പിണറായി വിജയനിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോടാണ് മുഖ്യമന്ത്രി ഈ വാക്കുകൾ പറഞ്ഞത് ? കടം കേറി സ്വന്തം കുടുംബത്തിലെ അംഗങ്ങളുടെ സ്വർണം വരെ വിൽക്കേണ്ടി വന്നു ആത്മഹത്യ മുന്നിൽക്കാണുന്ന കച്ചവടക്കാരോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
വിമർശനം മുഖ്യമന്ത്രി പിടിച്ചുവാങ്ങുകയാണെന്നും എങ്ങനെ വ്യാപാരികളെ സഹായിക്കാൻ സാധിക്കുമെന്നും വ്യാപാരികൾ പുനരാലോചിക്കണമെന്നും വ്യാപാരികളുടെ പ്രശ്‌നങ്ങൾ ഉൾക്കൊള്ളമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ വ്യാപാരികളോട് യുദ്ധം ചെയ്യരുതെന്നും ചർച്ചയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നില്ലെങ്കിൽ കുറഞ്ഞപക്ഷം അവരെ അപമാനിക്കാതെയിരിക്കാനെങ്കിലും സർക്കാർ ശ്രദ്ധിക്കണം. കോൺഗ്രസ് കച്ചവട സമൂഹത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കടയടപ്പിക്കാനുള്ള നടപടികളുമായി പൊലീസ് ഇറങ്ങിയാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
കച്ചവട സമൂഹം മാത്രമല്ല കേരളത്തിലെ വിവിധ മേഖലകളിൽ തകർച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാന്യതയുടെയും ജനാധിപത്യരീതിയിലുമാണെങ്കിൽ പ്രതിസന്ധിക്കാലത്ത് സർക്കാരിനൊപ്പം കോൺഗ്രസ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ സമീപനം ഇതാണെങ്കിൽ നാളെ നടക്കുന്ന വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകുമെന്ന് വി.ഡി. സതീശൻ അറിയിച്ചു.
കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് വർഷമായതു കൊണ്ടു തന്നെ ലോക് ഡൗണിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയ സർക്കാർ ഇത്തവണ ഒന്നും നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പറവൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിരവധി വീടുകളിൽ ജപ്തി നോട്ടീസ് ലഭിച്ചിട്ടും സർക്കാർ യാതൊരു നടപടിയും എടുത്തിട്ടില്ല. ഈ അവസ്ഥയിൽ കട പോലും തുറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോഴുള്ള വ്യാപാരികളുടെ സ്വാഭാവിക പ്രതിഷേധമാണ് ഇപ്പോൾ കാണുന്നത്. ലോക് ഡൗൺ തുടരുന്നതിൽ സർക്കാരിലെ തന്നെ വിദഗ്ധർക്ക് രണ്ട് അഭിപ്രായമാണ്. കട തുറക്കുന്നതിലെ നിയന്ത്രണങ്ങളിലെ ശാസ്ത്രീയ എന്താണെന്നും അദ്ദേഹം ചോദിച്ചു.
തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പക്ഷേ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ അനുസരിച്ച് തിരക്ക് കൂടുകയാണ് ചെയ്യുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കേരളത്തിലെ കടകളിൽ വലിയ ആൾക്കൂട്ടമാണ്. ഇതിനെതിരേയാണ് വ്യാപാരികൾ പരാതി കൊടുത്തത്. കടക്കെണിയിൽ പെട്ട മനുഷ്യർ പ്രതികരിക്കുമ്പോൾ മുഖ്യമന്ത്രി അവരെ വിരട്ടുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു.
'' ഇത് കേരളമാണ് അങ്ങനെയാരും വിരട്ടാൻ നോക്കണ്ട, അങ്ങനെ പേടിപ്പിച്ചിട്ട് ഇവിടെ ഭരിക്കാമെന്ന് ആരും വിചാരിക്കണ്ട. ആ രീതി മുഖ്യമന്ത്രി കൈവിടണം, അത് മുഖ്യമന്ത്രിയുടെ പഴയ രീതിയാണ് അത് ഇവിടെ എടുക്കേണ്ട. അത് പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ എടുക്കേണ്ട രീതിയാണ്. മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് സമരം ചെയ്യുന്നവരെ വിരട്ടി അത് ചെയ്തു കളയും ഇത് ചെയ്തുകളയും എന്നൊന്നും പേടിപ്പിക്കണ്ട ഞങ്ങളവർക്ക് പിന്തുണ കൊടുക്കും''- അദ്ദേഹം പറഞ്ഞു.
ന്യായമായി സമരം ചെയ്യുന്നവരുടെ അവകാശത്തെ മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിലില്ല. ഈ കാലഘട്ടത്തിൽ ആളുകളെ സഹായിക്കുന്നതിന് പകരം വിരട്ടാൻ ഇറങ്ങുന്നത് ശരിയല്ല- അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധത്തിന് സർക്കാരിന് പ്രതിപക്ഷം നിരുപാധികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ ഭാഷയിൽ സർക്കാർ പ്രതികരിച്ചാൽ അത് ഉണ്ടാകില്ല.
കോവിഡ് ദുരന്ത നിവാരണ കമ്മീഷൻ സർക്കാർ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'വെറുതെ ഉദ്യോഗസ്ഥൻമാർ എഴുതിക്കൊണ്ടു വരുന്നതിനിടയിൽ ഒപ്പ് വയ്ക്കാനല്ല മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്നത്, ജനങ്ങളുടെ ഭാഗത്ത് നിന്ന് കാര്യങ്ങൾ പരിശോധിച്ചാണ് അത് നടപ്പിലാക്കേണ്ടത്, ദൗർഭാഗ്യവശാൽ കേരളത്തിൽ അതില്ല'' വി.ഡി. സതീശൻ പറഞ്ഞു.