മുസ്‍ലിം ലീഗിന് രാജ്യസഭാ സീറ്റ് നൽകുമെന്ന് കെ. സുധാകരൻ; ചർച്ചയിൽ ധാരണയായെന്ന് വി.ഡി. സതീശൻ

ചർച്ച തൃപ്തികരമാണെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി

Update: 2024-02-25 08:29 GMT
Advertising

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്ന മുസ്‍ലിം ലീഗിന്റെ ആവശ്യം സംബന്ധിച്ച ചർച്ച പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ്, ലീഗ് നേതാക്കൾ എല്ലാ വശങ്ങളും ചർച്ച ചെയ്തു. രണ്ട് പാർട്ടികളുടേയും ഉന്നത നേതൃത്വവുമായി സംസാരിച്ച് തീരുമാനമെടുക്കും. ചർച്ചയിൽ ധാരണയായെന്നും സതീശൻ വ്യക്തമാക്കി.

ലീഗിന് രാജ്യസഭാ സീറ്റ് നൽകാമെന്ന് സന്നദ്ധതയറിയിച്ചതായി കെ.പി.സി.സി ​പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. അക്കാര്യം മുന്നോട്ട് വെച്ചങ്കിലും ലീഗ് സമ്മതിച്ചിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുസ്‍ലിം ലീഗാണ്. അവർ തീരുമാനമറിയിച്ചാൽ ഹൈക്കമാൻഡുമായി ചർച്ച ചെയ്യ്ത് തീരുമാനമെടുക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.

മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമാണെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. ചർച്ചയിൽ നടന്ന കാര്യങ്ങൾ 27ന് നടക്കുന്ന ലീഗ് യോഗത്തിൽ ചർച്ച ചെയ്യും. യോഗത്തിന് ശേഷം ഇതുസംബന്ധിച്ച തീരുമാനം വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗും കോൺഗ്രസും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മുസ്‍ലിം ലീഗിന്‍റെ അധിക സീറ്റിൽ കോൺഗ്രസ് ഉപാധികള്‍ വെച്ചിരുന്നു. ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകാം. 2026ൽ വഹാബ് ഒഴിയുമ്പോൾ ആ സീറ്റ് കോൺഗ്രസിന് നൽകണമെന്നാണ് ഉപാധി. രാജ്യസഭയിൽ ലീഗിന് എപ്പോഴും രണ്ട് അംഗങ്ങളുണ്ടാകുന്ന സാഹചര്യം ഉറപ്പാക്കുമെന്നും കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകി.

സാമുദായിക ധ്രുവീകരണങ്ങളില്ലാതെ തീരുമാനങ്ങളുണ്ടാകണമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മൂന്നാം സീറ്റ് ലീഗിന് നൽകിയാൽ പുറത്ത് ആഘോഷിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നാണ് കോൺഗ്രസ് ആവശ്യം.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News