'വേറെ ജോലിയൊന്നുമില്ലേ? പ്രസീത.. ഇതാണോ ചോദിക്കാനുള്ളത്?' പൊട്ടിത്തെറിച്ച് സുരേന്ദ്രന്‍
'ജനങ്ങളോട് ഞാന്‍ മറുപടി പറഞ്ഞോളാം, പറഞ്ഞിട്ടുമുണ്ട്. അതിന് ഒരു മടിയുമില്ല'
വിവാദ വിഷയങ്ങളിൽ പ്രതികരിക്കാതെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. മാധ്യമങ്ങൾ കഥകൾ സൃഷ്ടിക്കുകയാണെന്നും പറയാനുള്ളത് ജനങ്ങളോട് പറയുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
അഞ്ച് ദിവസം ഡല്‍ഹിയില്‍ തങ്ങിയിട്ടും കെ സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തില്‍ മടങ്ങിയെത്തിയ സുരേന്ദ്രനോട് മാധ്യമങ്ങള്‍ വിവാദ വിഷയങ്ങളില്‍ പ്രതികരണം ആരാഞ്ഞു. പണം കൊടുക്കുന്നത് പി കെ കൃഷ്ണദാസ് അറിയരുത് എന്ന പ്രസീതയുമായുള്ള ഫോണ്‍ സംഭാഷണത്തെ കുറിച്ച് ചോദിക്കാന്‍ തുടങ്ങിയപ്പോഴേക്കും സുരേന്ദ്രന്‍ ഇടപെട്ടു- 'വേറെ ജോലിയൊന്നുമില്ലേ? പ്രസീത.. ഇതാണോ ചോദിക്കാനുള്ളത്? നിങ്ങളെ ആര് പറഞ്ഞുവിട്ടതാണ് പ്രസീതയെക്കുറിച്ച് ചോദിക്കാന്‍'.
ജനങ്ങളോട് മറുപടി പറയേണ്ടേ എന്ന് ചോദിച്ചപ്പോള്‍ 'കുറെ ദിവസമായി നിങ്ങള്‍ തുടങ്ങിയിട്ട്. ഇതിലൊക്കെ എന്ത് മറുപടി പറയാനാണ്. ജനങ്ങളോടുള്ള മറുപടിയൊക്കെ ഞാന്‍ പറഞ്ഞുകൊള്ളാം. അത് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. അതിന് എനിക്കൊരു മടിയുമില്ല. മാധ്യമങ്ങള്‍ ഇങ്ങനെയാണോ ചെയ്യേണ്ടത്. വസ്തുതവിരുദ്ധമായ കള്ളപ്രചരണങ്ങളാണ് നടത്തുന്നത്' എന്നായിരുന്നു സുരേന്ദ്രന്‍റെ മറുപടി.
ബിജെപി നേതൃത്വത്തിന് അതൃപ്തി
ഒന്നിന് പിറകെ ഒന്നായി സംസ്ഥാനത്തെ ബിജെപി ഘടകത്തിന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ദേശീയ നേതൃത്വം സംഘടനാ രംഗത്ത് പുനരാലോചനക്ക് മുതിരുന്നുവെന്നാണ് സൂചന. ബിജെപി കൊടകര കള്ളപ്പണക്കേസും സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കള്ളപ്പണം നൽകിയെന്ന ആരോപണവും മഞ്ചേശ്വരത്ത് പണം ബിഎസ്പി സ്ഥാനാ൪ഥിത്വം പിൻവലിപ്പിച്ച കേസും ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. കാര്യങ്ങൾ കൈകാര്യം ചെയ്തതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയതിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
അഞ്ച് ദിവസം ഡൽഹിയിൽ തങ്ങിയ കെ സുരേന്ദ്രൻ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായും മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. ഈ യോഗങ്ങളിൽ സുരേന്ദ്രന് കടുത്ത മുന്നറിയിപ്പ് ദേശീയ നേതൃത്വം നൽകിയതായും സൂചനയുണ്ട്. സുരേന്ദ്രനെ മാറ്റിനി൪ത്തി കഴിഞ്ഞ ദിവസം ഓൺലൈനിൽ സംസ്ഥാന ഭാരവാഹികളുടെ യോഗവും ദേശീയ നേതൃത്വം വിളിച്ചതായാണ് വിവരം. ഉടനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റില്ലെങ്കിലും വൈകാതെ പുതിയ നേതൃത്വത്തെ കൊണ്ടുവരാൻ ആലോചിക്കുന്നതായാണ് പാ൪ട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഉടനെ മാറ്റുന്നത് ആരോപണങ്ങൾ ശരിവെക്കുന്നുവെന്ന സന്ദേശം നൽകുമെന്നതാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.