എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യും എന്നാണ് സംസ്ഥാന നിലപാട്: സുരേന്ദ്രന്‍
വാക്സിൻ വിഷയത്തിൽ സംസ്ഥാന സർക്കാർ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് കെ സുരേന്ദ്രന്‍
കോവിഡ് വ്യാപനം തടയുന്നതില്‍ സംസ്ഥാന സർക്കാരിന് വീഴ്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരോഗ്യ വകുപ്പ് വലിയ താൽപര്യം കാണിക്കുന്നില്ല. എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യും എന്നതാണ് സംസ്ഥാന നിലപാട്. വാക്സിൻ നയം തെറ്റ് എന്നു പറഞ്ഞ് ഒന്നും ചെയ്യാതെ ഇരിക്കുകയാണ് സംസ്ഥാനം. വാക്സിൻ വിഷയത്തിൽ സംസ്ഥാന സർക്കാർ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് തൻ പ്രമാണിത്തം കാണിക്കാം. പക്ഷേ കോവിഡ് വിഷയത്തിൽ പ്രോട്ടോകോൾ ലംഘിക്കാൻ പാടില്ല. മുഖ്യമന്ത്രി കോവിഡ് മാനദണ്ഡം തെറ്റിച്ചു എന്ന് കെ സുരേന്ദ്രൻ ആവര്‍ത്തിച്ചു. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
കോവിഡ് വാക്സിന്‍ പണം കൊടുത്ത് വാങ്ങണമെന്ന കേന്ദ്ര നയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി നല്‍കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാർ വാക്സിന് പണം ഈടാക്കിയാലും സംസ്ഥാനത്ത് കോവിഡ് വാക്സിൻ പ്രായഭേദമന്യേ സൗജന്യമായി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.