'ഞങ്ങളുടെ അടിത്തറയിൽ ഒരു വിള്ളലുമുണ്ടായിട്ടില്ല. സീറ്റൊന്നു പോയി'; തോൽവിയിൽ കെ സുരേന്ദ്രൻ
"ആഫ്റ്റർ നെഹ്‌റു ഇഎംഎസ് എന്നല്ലേ സിപിഎം പറഞ്ഞത്. ഇപ്പോൾ എവിടെയെത്തി. എത്ര സീറ്റുണ്ട് ലോക്‌സഭയിൽ?"
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അടിത്തറയിൽ ഒരു വിള്ളലുമുണ്ടായിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു സീറ്റു പോയെന്നും അതിനെ കുറിച്ച് ആവശ്യമായ നടപടികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ നാട്ടിലെ ജനങ്ങൾക്കറിയാം ഞങ്ങളുടെ വോട്ടുബാങ്ക് എവിടെയാണ് നിൽക്കുന്നത്. ഞങ്ങളുടെ അടിത്തറയിൽ ഒരു വിള്ളലുമുണ്ടായിട്ടില്ല. സീറ്റൊന്നു പോയി. അതിനെ സംബന്ധിച്ച് ഞങ്ങൾ ആവശ്യമായ നടപടികൾ എടുക്കും. ആഫ്റ്റർ നെഹ്‌റു ഇഎംഎസ് എന്നല്ലേ സിപിഎം പറഞ്ഞത്. ഇപ്പോൾ എവിടെയെത്തി. എത്ര സീറ്റുണ്ട് ലോക്‌സഭയിൽ? അതുകൊണ്ട് ആ വർത്തമാനത്തിലൊന്നും കാര്യമില്ല. ബംഗാളിൽ ഒരു സീറ്റു പോലും സിപിഎമ്മിന് കിട്ടിയില്ല. ഒറ്റൊരു സീറ്റു നിങ്ങൾക്കുണ്ടായിരുന്നില്ല. 35 കൊല്ലം നിങ്ങൾ ഭരിച്ച സംസ്ഥാനമാണ്. നിങ്ങളുടെ പാർട്ടി അവിടെ വട്ടപ്പൂജ്യമായി. സീതാറാം യെച്ചൂരിക്ക് ഒരു വേവലാതിയുമില്ലേ?' - സുരേന്ദ്രൻ ചോദിച്ചു.
മഞ്ചേശ്വരത്ത് മൊഴി എതിരാണല്ലോ ചോദ്യത്തിന്, നിങ്ങള് കാശു കൊടുത്ത് ആരുടെയെങ്കിലും മൊഴിയുണ്ടാക്കുന്നതിന് ഞാനെന്തു ചെയ്യാനാ എന്ന് സുരേന്ദ്രൻ ചോദിച്ചു. 'അറസ്റ്റിനെ ഭയപ്പെട്ട് ദില്ലിയിലിരിക്കുന്ന ആളാണോ ഞാൻ. നിങ്ങൾക്ക് ആരാണ് വിഡ്ഢിത്തങ്ങൾ പറഞ്ഞുതരുന്നത്. എനിക്ക് മനസ്സിലായില്ലേ?' - അറസ്റ്റ് ഒഴിവാക്കാനോ ഡൽഹിയിൽ വന്നത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
അറസ്റ്റ് ഒഴിവാക്കാൻ ഡൽഹിയിൽ ചെന്നുവെന്നത് വാർത്തയാക്കുന്ന ചാനലുകളുടെയും പത്രങ്ങളുടെയും ഗതികേട് ആലോചിച്ചിട്ട് സങ്കടം തോന്നുന്നതായും രണ്ട് മൂന്ന് ദിവസത്തെ ആയുസ്സിന് അപ്പുറം കള്ളവാർത്തകൾക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സി.പി.എ പ്രവർത്തകരുടെ ഇഷ്ടത്തിന് അനുസരിച്ച് വാർത്ത കൊടുത്താൽ മാധ്യമങ്ങളുടെ വിശ്വാസ്യത തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.