'ഒത്തുതീർപ്പാക്കാൻ ഇത് കുടുംബകാര്യമല്ല, പി.വി അൻവറിന്‍റെ ആരോപണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം': കെ. സുരേന്ദ്രന്‍

സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റിയുടെ കണ്ണും കാതും അടഞ്ഞുപോയോ എന്നും കെ. സുരേന്ദ്രൻ

Update: 2024-09-04 05:59 GMT
Editor : ദിവ്യ വി | By : Web Desk

കെ.സുരേന്ദ്രന്‍

Advertising

തിരുവനന്തപുരം: പി.വി അൻവറിന്‍റെ പരാതി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍  കെ സുരേന്ദ്രൻ. ആരോപണം ഉന്നയിച്ച ആളെ വീട്ടിൽ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കാൻ ഇത് കുടുംബകാര്യമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആരോപണം ഉന്നയിച്ചത് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായ പൊളിക്കൽ സെക്രട്ടറിക്കുമെതിരെയാണ്. അതിനാൽ ഇത് ഒത്തുതീർപ്പാക്കാനാവുന്ന വിഷയമല്ല. അൻവറും പിണറായി വിജയനും തമ്മിലുള്ള വ്യക്തിപരമായ ഒത്തുതീർപ്പിന്‍റെ പ്രശ്‌നമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം  ഉത്തരവാദിത്തപ്പെട്ട പാർട്ടിയാണെങ്കിൽ ഇക്കാര്യത്തിൽ അടിയന്തരമായി നിലപാട് വ്യക്തമാക്കണം. സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റിയുടെ കണ്ണും കാതും അടഞ്ഞുപോയോ എന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

അൻവറിന്‍റെ ആരോപണം ഗൗരവകരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറും പറഞ്ഞത്. അങ്ങിനെയുള്ള ആരോപണം എങ്ങനെയാണ് പിണറായി വിജയനും അൻവറും ഒത്തുതീർപ്പാക്കുന്നത്. ആരോപണം ഉന്നയിച്ചയാളെ വീട്ടിൽ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കാൻ ഇത് കുടുംബകാര്യമല്ല. സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികതയില്ല. രാജിവെച്ച് കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപിക്കണം. ആരോപണ വിധേയരായവരെ താക്കോൽ സ്ഥാനങ്ങളിലിരുത്തി നീതിപൂർവ്വമായ അന്വേഷണം നടക്കുമെന്ന് അൻവർ പറയുന്നുവെങ്കിൽ അദ്ദേഹം മറ്റെന്തോകാര്യം സാധിക്കാനാണ് ആരോപണമുന്നയിച്ചതെന്ന് വ്യാഖ്യാനിക്കേണ്ടി വരും.

മുഖ്യമന്ത്രിയെ കാണുമ്പോൾ മുട്ടിടിക്കുന്ന നേതാക്കളാണ് സിപിഎമ്മിൽ ഇപ്പോഴുള്ളത്. അന്തസുള്ള പൊതുപ്രവർത്തകനെങ്കിൽ ബിനോയ് വിശ്വം അന്വേഷണം ആവശ്യപ്പെടണം. ഏത് മാളത്തിലാണ് ബിനോയ് വിശ്വം ഒളിച്ചിരിക്കുന്നത്. നട്ടെല്ലിന്റെ സ്ഥാനത്ത് വെറും വാഴപിണ്ടിയാണ് അദ്ദേഹത്തിനെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം തൃശൂരിൽ തോറ്റുവെന്ന് അംഗീകരിക്കാൻ വി.എസ് സുനിൽ കുമാറിന് സാധിച്ചിട്ടില്ലെന്നും തൃശൂരിൽ താമര വിരിഞ്ഞപ്പോൾ വി.എസ് സുനിൽ കുമാറിന്റെ ചെവിയിൽ ചെമ്പരത്തിവിരിഞ്ഞുവെന്നും സുരേന്ദ്രൻ പരിഹസിച്ചു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News