കാക്കനാട് ഫ്‌ലാറ്റിലെ കൊലപാതകം;പ്രതി അർഷാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ക്രൂരമായ കൊലപാതകത്തിന് ശേഷം സജീവിന്റെ മൃതദേഹം ഫ്‌ലാറ്റിലെ പൈപ്പ് ഡക്റ്റിൽ തൂക്കിയിട്ട നിലയിൽ ആയിരുന്നു
കൊച്ചി: കാക്കനാട് ഫ്‌ലാറ്റിലെ കൊലപാതക കേസിൽ പ്രതി അർഷാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
മഞ്ചേശ്വരം ലഹരി മരുന്ന് കേസിൽ അർഷാദിന്റെ കോടതി നടപടികൾ ഇന്നലെ വൈകീട്ടോടെയാണ് പൂർത്തിയായത്. തുടർന്ന് കോടതി അനുമതിയോടെ കൊലക്കേസിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം അർഷാദിനേയും കൊണ്ട് കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ഇന്ന് രാവിലെ കാക്കനാട് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്രൂരമായ കൊലപാതകത്തിന് ശേഷം സജീവിന്റെ മൃതദേഹം ഫ്‌ലാറ്റിലെ പൈപ്പ് ഡക്റ്റിൽ തൂക്കിയിട്ട നിലയിൽ ആയിരുന്നു.
മറ്റൊരാളുടെ സഹായമില്ലാതെ പ്രതിക്ക് ഇത് ചെയ്യാനാകില്ല എന്ന നിഗമനത്തിലാണ് പൊലീസ്. അർഷാദിനെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്ത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ലഹരി തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയ മൊഴി.അതിനാൽ ഇവർക്ക് ലഹരി ലഭിച്ച വഴിയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ സഹായിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കൊലപ്പെടുത്താൻ ഉപയോഗിച്ചു എന്ന് കരുതുന്ന രക്തം പുരണ്ട കത്തി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ പ്രതി അർഷാദിനെ മഞ്ചേശ്വരത്ത് നിന്ന് ബുധനാഴ്ചയാണ് പൊലീസ് പിടികൂടിയത്.