കാറിൽ കഴുത്തുഞെരിച്ചു കൊല, ഇല്ലാത്ത കാമുകനൊപ്പം ഒളിച്ചോടിയെന്ന് കഥപരത്തി; ഞെട്ടിക്കുന്ന വിവരങ്ങൾ
കലയെ കാണാതായി രണ്ടുമാസത്തിന് ശേഷം ഭർത്താവ് അനിൽകുമാർ വീണ്ടും വിവാഹിതനായി
ആലപ്പുഴ: ആലപ്പുഴയിൽ 15 വർഷം മുൻപ് കാണാതായ മാന്നാർ സ്വദേശിയായ കല കൊല്ലപ്പെട്ടതായി പൊലീസ്. ഭർത്താവ് അനിൽകുമാർ കലയെ കൊന്നു വീട്ടിലെ സെപ്റ്റിക് ടാങ്കിൽ കുഴച്ചുമൂടിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അനിൽകുമാറിന്റെ വീട്ടിൽ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി.
15 വർഷങ്ങൾക്ക് മുൻപ് ഒരു യുവതിയെ കാണാതായ കേസിൽ സത്യങ്ങൾ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമകത്തിൻ്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന 26കാരി കൊല്ലപ്പെട്ടു എന്നായിരുന്നു ഉള്ളടക്കം. കൊലപ്പെടുത്തിയ രീതിയും , പങ്കുള്ളവരുടെ പേരുകളും ഉൾപ്പടെ വിശദമായി കത്തിൽ ഉണ്ടായിരുന്നു. തുടർന്ന് അതീവ രഹസ്യമായി അമ്പലപ്പുഴ പൊലീസിനെ കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചു.
മഫ്തിയിൽ ഉള്ള അന്വേഷണ സംഘം രഹസ്യമായി വിവരങ്ങൾ തേടുന്നുണ്ടെന്ന് അറിഞ്ഞ് കൊലപാതക വിവരം അറിയാമായിരുന്ന ബന്ധുക്കൾ ഇസ്രായേലിൽ ഉള്ള അനിൽകുമാറിനെ വിവരം അറിയിച്ചു .. തുടർന്ന് അനിൽകുമാറിന്റെ അടുത്ത ബന്ധുക്കൾ അടക്കം 5 പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് രഹസ്യങ്ങളുടെ ചുരുളഴിയുന്നത് . RDO യുടെ അനുമതി തേടി ഫോറൻസിക് വിഭാഗവുമായി ചേർന്ന് അനിൽകുമാറിന്റെ വീടിന്റെ സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന ഭാഗങ്ങൾ പൊലീസ് കണ്ടെത്തി. ഇത് ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും.
കലയെ അനിൽകുമാറിന്റെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടതായി കസ്റ്റഡിയിൽ ഉള്ളവർ പൊലീസിന് മൊഴി നൽകിയതായി സൂചനയുണ്ട്. . കഴുത്തിൽ തുണി ഉപയോഗിച്ച് മുറുക്കി ആണ് കൊലപാതകമെന്നാണ് വിവരം .സുരേഷ് ,ജിനു രാജൻ ,പ്രമോദ് ,സന്തോഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. രണ്ട് സമുദായത്തിൽപ്പെട്ട കലയും അനിൽകുമാറും പ്രണയിച്ചു വിവാഹം കഴിച്ചവരാണ് . ഇതിൽ ഒരു മകനുമുണ്ട് . കലയെ കാണാതായപ്പോൾ സ്വർണവും മറ്റുമായി ഒളിച്ചോടി പോയെന്നായിരുന്നു പ്രചാരണം. അതുകൊണ്ട് തന്നെ കലയുടെ ബന്ധുക്കൾ പരാതി നൽകിയില്ല.
രണ്ട് മാസത്തിനുള്ളിൽ അനിൽകുമാർ പുനർവിവാഹം കഴിക്കുകയും ചെയ്തു. പുനർവിവാഹം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് പൊലീസ് പരിശോധിച്ചു വരികയാണ്. പാലക്കാട് സ്വദേശിക്ക് ഒപ്പം പോയെന്നു പറയപ്പെടുന്ന കലയെ എറണാകുളത്ത് വെച്ച് അനിൽകുമാർ കൂടെ കൂട്ടുക ആയിരുന്നു. വാടകയ്ക്ക് കാർ എടുത്താണ് കലയെ കൂട്ടാനായി പോയത്. യാത്രാമധ്യേ തുണി ഉപയോഗിച്ചു കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു.
കലയെ ഒളിപ്പിച്ചു വെച്ച ശേഷം പാലക്കാട്ടേക്ക് ഒളിച്ചോടി പോയെന്നു അനിൽകുമാർ ബോധപൂർവം കഥ സൃഷ്‌ടിച്ചതനൊന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹം കാറിൽ കണ്ട ദൃക്‌സാക്ഷിയുണ്ടെന്നാണ് വിവരം. കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. അനിൽ കുമാറിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.