കലിംഗയ്ക്ക് വച്ചത് മലിംഗയ്ക്ക് കൊണ്ടു; വ്യാജ ഡിഗ്രി വിവാദത്തിന് പിന്നാലെ ലസിത് മലിംഗയുടെ പേജില്‍ പൊങ്കാല
നിഖില്‍ തോമസിന്‍റേത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന കലിംഗ സർവകലാശാലയുടെ വിശദീകരണം വന്നതിന് പിന്നാലെയാണ് മലിംഗയുടെ പേജിൽ മലയാളത്തിൽ കമന്‍റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തില്‍ എം.എസ്.എം കോളേജ് സസ്‌പെൻഡ് ചെയ്ത എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനെ വെറുതേവിടാതെ ട്രോളന്മാര്‍. നിഖില്‍ തോമസ് ഒറിജിനല്‍ ഡിഗ്രി എന്നവകാശപ്പെട്ട് കോളേജില്‍ സമര്‍പ്പിച്ചത് കലിംഗ സര്‍വകലാശാലയുടെ പേര് വെച്ചാണ് ട്രോളന്മാരുടെ പുതിയ 'കലാപരിപാടി'. മുന്‍ ശ്രീലങ്കൻ ക്രിക്കറ്റ് താരവും ഇതിഹാസ പേസ് ബൌളറുമായിരുന്ന ലസിത് മലിംഗയുടെ ഫേസ്ബുക്ക് പേജിലാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ അനുഭാവികളായ മലയാളികളും ട്രോളന്മാരും ചേര്‍ന്ന് 'പൊങ്കാല' നടത്തുന്നത്.
നിഖില്‍ തോമസിന്‍റേത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന കലിംഗ സർവകലാശാലയുടെ വിശദീകരണം വന്നതിന് പിന്നാലെയാണ് മലിംഗയുടെ പേജിൽ മലയാളത്തിൽ കമന്‍റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
അതേസമയം പി.ജി പ്രവേശനത്തിന് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് ഒറിജിനൽ ആണെന്ന് പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പേരും ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. 'ഈസ്റ്റ് ഓര്‍ വെസ്റ്റ് ആര്‍ഷോ ഈസ് ദ ബെസ്റ്റ്' എന്നൊക്കെയാണ് മലിംഗയുടെ പോസ്റ്റിന് താഴെയുള്ള കമന്‍റുകള്‍
നിഖിൽ തോമസിനെ ന്യായീകരിച്ച ആര്‍ഷോ സർട്ടിഫിക്കറ്റിന്‍റെ ആധികാരികത കലിംഗയിൽ പോയി പരിശോധിക്കാനാവില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. നിഖിൽ തോമസിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നുമായിരുന്നു ആർഷോ രാവിലെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് കേരള സർവകലാശാല വിസി തന്നെ നിഖിൽ തോമസിന്‍റേത് വ്യാജ ഡിഗ്രിയാണെന്ന പ്രാഥമിക നിഗമനം പങ്കുവെച്ചത്. തൊട്ടുപിന്നാലെ നിഖിൽ തോമസ് എന്ന വിദ്യാർത്ഥി കലിംഗ സർവകലാശാലയിൽ പഠിച്ചില്ലെന്ന് കലിംഗ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ സന്ദീപ് ഗാന്ധിയും വ്യക്തമാക്കി.
അതേസമയം വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിൽ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനെ എം.എസ്എം കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കോളേജ് കൗൺസിലിന്‍റേതാണ് തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചു, അന്വേഷണ കമ്മീഷൻ രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. നിഖിലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ പറഞ്ഞു.'അന്ന് സംശയം തോന്നിയിരുന്നില്ല. അതുകൊണ്ടാണ് അഡ്മിഷൻ നൽകിയത്. കേളേജിന്റെ ഭാഗത്ത് തെറ്റില്ല. സർവകലാശാല സർട്ടിഫിക്കറ്റിൽ അപാകത ആദ്യം കണ്ടെത്തിയിരുന്നില്ല'- പ്രിൻസിപ്പൽ പറഞ്ഞു.