ആശമാര്‍ക്ക് ഇന്‍സെന്‍റീവ് പ്രഖ്യാപിച്ച് കണ്ണൂർ കോര്‍പറേഷൻ
ഇന്ന് അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം


കണ്ണൂർ: യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോര്‍പറേഷൻ ആശമാർക്ക് പ്രതിമാസം 2000 രൂപ അധിക വേതനം പ്രഖ്യാപിച്ചു.ഇന്ന് അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം പ്രതിഷേധിച്ചു. ബിജെപി അംഗവും ഭരണപക്ഷ അംഗങ്ങളും തമ്മിൽ നേരിയ കയ്യാങ്കളിയും ഉണ്ടായി.
അഴിമതിയും വികസന മുരടിപ്പുമാണെന്നാരോപിച്ച് കണ്ണൂർ കോർപറേഷന് മുന്നിൽ കഴിഞ്ഞ നാല് ദിവസമായി എൽഡിഎഫിന്റെ സത്യാഗ്രഹ സമരം തുടരുകയാണ്. അതിനിടയിലായിരുന്നു ഇന്ന് ബജറ്റ് അവതരണം . മേയർ ഡയസിലെത്തിയതിന് പിന്നാലെ വിഷയം ഉന്നയിച്ച് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു.
എൽഡിഎഫിന്റെ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ ഡെപ്യൂട്ടി മേയർ ടി.ഇന്ദിര ബജറ്റ് അവതരിപ്പിക്കാനെത്തി. പ്രസംഗം തടസപ്പെടുത്തി പ്ലക്കാർഡുമായി ഡെപ്യൂട്ടി മേയർക്ക് മുമ്പിൽ ബിജെപി അംഗം പ്രതിഷേധിച്ചു. ബിജെപി അംഗത്തെ പിടിച്ചുമാറ്റാൻ ഭരണകക്ഷി അംഗങ്ങള്‍ ശ്രമിച്ചു. ഇതിനിടെ മുൻപേ മോഹനൻ പ്ലക്കാർഡ് പിടിച്ചു വാങ്ങി . ഇതോടെ ബിജെപി അംഗവും ഭരണകക്ഷി അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമായി.
കഴിഞ്ഞ ഒരു വർഷത്തെ ഭരണ നേട്ടങ്ങൾ വിവരിച്ചായിിരുന്നു ഡെപ്യൂട്ടി മേയറുടെ ബജറ്റ് അവതരണം. ആശമാർക്ക് പ്രതിമാസം 2000 രൂപ വീതം അധിക വേതനം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം നടത്തി. 475.76 കോടി രൂപയുടെ വരവും 456.63 കോടിയുടെ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് കണ്ണൂർ കോർപ്പറേഷനിൽ അവതരിപ്പിച്ചത്.