കണ്ണൂരിലെ കാർട്ടൻ-സിൽക് കരാർ ഇടപാടുകളിൽ ദുരൂഹത; പിന്നിൽ CPM നേതാക്കളുടെ ബിനാമികളെന്ന് സൂചന
സിപിഎം നിയന്ത്രണത്തിലുള്ള നിരവധി തദ്ദേശസ്ഥാപനങ്ങളുടെ കരാർ ജോലികൾ നൽകിയതും ഈ കമ്പനിക്കാണ്
കണ്ണൂർ: കണ്ണൂർ ധർമ്മശാലയിലെ സ്വകാര്യ കമ്പനിയും പൊതുമേഖലാ സ്ഥാപനമായ സിൽക്കും തമ്മിൽ നടത്തിയ കരാർ ഇടപാടുകളിൽ അടിമുടി ദുരൂഹത. കണ്ണൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടി രൂപയുടെ ഉപകരാർ നൽകിയത് സ്വകാര്യ കമ്പനിക്കാണ്.പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയതിനുശേഷം ആയിരുന്നു ഈ സ്വകാര്യ കമ്പനിയുടെ രൂപീകരണം. സിപിഎം നിയന്ത്രണത്തിലുള്ള നിരവധി തദ്ദേശസ്ഥാപനങ്ങളുടെ കരാർ ജോലികൾ നൽകിയതും ഈ കമ്പനിക്കാണ്.
2021 ജൂലൈ രണ്ടിനാണ് ധർമ്മശാല കേന്ദ്രീകരിച്ച് കാർട്ടൻ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പൊതുമേഖല സ്ഥാപനമായ സിൽക്കിൽ നിന്ന് ഈ കമ്പനി നേടിയെടുത്തത് കോടികളുടെ ഉപകരാറുകളാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് സിൽക്കിന് നൽകിയ 12 കോടി 81 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ പൂർണ്ണമായും ഉപകരാർ നൽകിയത് ഈ കമ്പനിക്കാണ്. സിൽക്കിന് ഈ ഇനത്തിൽ ലഭിച്ചതാവട്ടെ കേവലം 3,699,638 രൂപ മാത്രം. ബാക്കിയുള്ള 12 കോടി 44 ലക്ഷം രൂപ കാർട്ടൻ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ ഐസിഐസി ബാങ്ക് തളിപ്പറമ്പ് ശാഖായിലേക്ക് നൽകിയതായി വിവരാവകാശ രേഖകൾ പറയുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട്, വയനാട് ജില്ലാ പഞ്ചായത്തുകളുടെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കോടിക്കണക്കിന് രൂപയുടെ പ്രവർത്തികളും ഈ കമ്പനി ഉപകരാർ എടുത്തിട്ടുണ്ട്. കമ്പനി എംഡി മുഹമ്മദ് ആസിഫ് ആണ് സിൽക്കുമായി ഈ കമ്പനിയുടെ കരാർ ഒപ്പ് വെച്ചിരിക്കുന്നത്. കണ്ണൂർ പോലീസ് വിജിലൻസ് യൂണിറ്റിൽ ജോലി ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സഹോദരനും ഈ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ്. 2020 ഡിസംബർ ഇരുപതിനാണ് പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്. പിന്നാലെയാണ് ഈ കമ്പനി രൂപീകരിച്ചതും സിൽക്കിന് ജില്ലാ പഞ്ചായത്ത് നൽകിയ പ്രവർത്തികൾ ഉപകരാറായി ഏറ്റെടുത്തതും. ചില സിപിഎം നേതാക്കളുടെ ബിനാമികൾ ആണ് ഈ കമ്പനിക്ക് പിന്നിലെന്നാണ് ആക്ഷേപം.