'എല്ലാ തെളിവും കൈമാറിയിട്ടും സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നു, പ്രതിയുടെ ഫോണ്‍ പോലും പരിശോധിക്കുന്നില്ല': ലഹരിക്ക് അടിമയാക്കി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം
കേസ് വഴിതിരിച്ചു വിടാൻ പൊലീസ് ശ്രമിക്കുകയാണെന്ന് സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം
കണ്ണൂരിൽ ലഹരിക്ക് അടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം. കേസ് വഴിതിരിച്ചു വിടാൻ പൊലീസ് ശ്രമിക്കുകയാണ്. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നു. പ്രതിയായ സഹപാഠിയുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും പെൺകുട്ടിയുടെ കുടുംബം മീഡിയവണിനോട് പറഞ്ഞു.
"ഇനിയും മൊഴിയെടുക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല മകള്‍. ഇതിനകം മജിസ്ട്രേറ്റിനു മുന്‍പില്‍ മകള്‍ മൊഴി കൊടുത്തതാണ്. മകളെ വിളിച്ചുകൊണ്ടുവരണം, വീണ്ടും മൊഴിയെടുക്കണം എന്നാണ് പൊലീസ് പറഞ്ഞത്. മകളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ റിസ്കാണത്. നമ്മുടെ കയ്യിലെ എല്ലാ തെളിവുകളും വീഡിയോകളും ഫോട്ടോകളും എല്ലാം കൈമാറിയതാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാമല്ലോ. വലിയൊരു ഡ്രഗ് മാഫിയയാണ് പിന്നില്‍. സുരക്ഷയില്‍ പേടിയുണ്ട്"- പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് കണ്ണൂരിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. പ്രണയം നടിച്ച് ലഹരി നൽകിയ ശേഷം ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു. സഹപാഠികൾ അടക്കം 11 പെൺകുട്ടികൾ മയക്കുമരുന്ന് മാഫിയയുടെ വലയിൽ പെട്ടതായും പെണ്‍കുട്ടി മീഡിയവണിനോട് വെളിപ്പെടുത്തി.
മാനസിക സമ്മർദം കുറയുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആദ്യം കഞ്ചാവ് അടക്കമുളള ലഹരി മരുന്നുകൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ശേഷം ലൈംഗിക ചൂഷണവും ക്രൂരമായ ശാരീരിക പീഡനങ്ങളും നടന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തി.നഗര പരിധിയിലുളള കക്കാട് കേന്ദ്രീകരിച്ചാണ് മയക്കുമരുന്നുകളുടെ വിതരണം. പൊലീസിൽ പരാതി നൽകിയ ശേഷം ലഹരി മാഫിയ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ആത്മഹത്യാ പ്രവണത കാട്ടിയ പെൺകുട്ടിയെ വനാട്ടിലെ ഒരു ലഹരി മുക്ത കേന്ദ്രത്തിൽ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.