കേരളം തന്നെ കൊച്ചു കേരളമെന്നാ പറയുന്നത്, അത് മുറിച്ച് മലബാർ സംസ്ഥാനമാക്കണമെന്ന് ചിന്തിച്ചിട്ടില്ല: കാന്തപുരം
സർക്കാർ ഉദ്യോഗങ്ങളിൽ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ കുറിച്ച് സർക്കാർ ധവളപത്രമിറക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
കോഴിക്കോട്: മലബാർ സംസ്ഥാനമെന്ന ആവശ്യം തള്ളി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. കേരളം തന്നെ കൊച്ചുകേരളമെന്നാണ് പറയാറുള്ളത്, പിന്നെ അത് മുറിച്ച് മലബാർ സംസ്ഥാനമാക്കുന്നതൊന്നും തങ്ങൾ ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഐക്യത്തെ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടാവില്ല എന്നായിരുന്നു സുന്നി ഐക്യത്തെ കുറിച്ചുള്ള ചോദ്യത്തോട് കാന്തപുരത്തിന്റെ പ്രതികരണം. ആരെങ്കിലും ഭിന്നിച്ചു എന്ന് കേൾക്കുമ്പോൾ ചിരിക്കുന്നവരല്ല തങ്ങൾ. ഭിന്നിച്ചാൽ നാടിനും സമൂഹത്തിനും സമുദായത്തിനുമെല്ലാം ദോഷം മാത്രമേ വരികയുള്ളൂ. ഭിന്നതയുണ്ടായാൽ അത് ഉടൻ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഉദ്യോഗങ്ങളിൽ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ കുറിച്ച് സർക്കാർ ധവളപത്രമിറക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. മുസ്‌ലിംകൾ അനർഹമായി പലതും നേടുന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന പരാമർശങ്ങൾ ആരും നടത്തരുത്. സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ ന്യൂനപക്ഷ സംഘടനകളുടെ ഏകോപനത്തിന് ശ്രമം നടത്തുമെന്നും കാന്തപുരം പറഞ്ഞു.