'പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മുന്നണി വിടും, ഒരാഴ്ച സമയം തരാം': കടുപ്പിച്ച് കാരാട്ട് റസാഖ്

മന്ത്രിയെന്ന നിലയിൽ മുഹമ്മദ് റിയാസിനെ അം​ഗീകരിക്കാനാവില്ല. റിയാസ് സിപിഎമ്മിനെ ഹൈജാക്ക് ചെയ്യുകയാണ്

Update: 2024-10-26 07:10 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കോഴിക്കോട്: പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് മുന്നണി വിടുമെന്ന് മുൻ എംഎൽഎ കാരാട്ട് റസാഖ്. മദ്രസാ ബോർഡ് ചെയർമാൻ സ്ഥാനം രജിവയ്ക്കാൻ തയ്യാറാണ്. തന്നെ പരാജയപ്പെടുത്താൻ ചിലർ ശ്രമിച്ചു. എൽഡിഎഫിന് താൻ കൊടുത്ത കത്ത് പരി​ഗണിച്ചില്ലെങ്കിൽ ഇടതുപക്ഷം വിടും. ഇനി കാത്തിരിക്കാൻ വയ്യ. സിപിഎമ്മിന് ഒരാഴ്ച സമയം നൽകും. ഇല്ലെങ്കിൽ മുന്നണി ഉപേക്ഷിക്കുമെന്നും റസാഖ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുസ്ലിം ലീ​ഗിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസിനെ അം​ഗീകരിക്കാനാവില്ലെന്ന് റസാഖ് തുറന്നടിച്ചു. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവ​ഗണിക്കുകമാത്രമാണുണ്ടായതെന്നും റസാഖ് ആരോപിച്ചു. റിയാസ് സിപിഎമ്മിനെ ഹൈജാക്ക് ചെയ്യുകയാണ്. റിയാസ് പല കാര്യങ്ങളിലും ബോധപൂർവ്വം ഇപെടുന്നുണ്ടെന്നും റസാഖ് കുറ്റപ്പെടുത്തി. സിപിഎം പ്രദേശിക നേതാക്കൾ തനിക്ക് എതിരെ നിൽക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ കാത്തിരിക്കുകയാണെന്നും റസാഖ് പറഞ്ഞു.

പി.വി അൻവർ എംഎൽഎ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ പാർട്ടിയായ ഡിഎംകെയിൽ ചേരുന്നത് പരി​ഗണിക്കും. അൻവർ തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അൻവറിനോട് കാത്തിരിക്കാനാണ് താൻ ആവശ്യപ്പെട്ടതെന്നും റസാഖ് വ്യക്തമാക്കി.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News