കാര്യവട്ടം ക്യാമ്പസ്‌ സംഘർഷം: എസ്.എഫ്.ഐക്ക് ചോരക്കൊതി മാറുന്നില്ലെന്ന് വി.ഡി സതീശൻ

അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വി.സിയുടെ നിര്‍ദേശം

Update: 2024-07-03 08:16 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കെ.എസ്‌.യു നേതാവിനെ കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എസ്.എഫ്.ഐക്ക് ചോരക്കൊതി മാറുന്നില്ലെന്ന് വി.ഡി സതീശൻ ആരോപിച്ചു.

'എസ്.എഫ്.ഐ ക്രിമിനൽ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തുവന്നു.എസ്.എഫ്.ഐ ക്യാമ്പസുകളിൽ തുടരുന്നത് അനുവദിക്കാനാകില്ല. പൊലീസ് ക്രിമിനലുകൾക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമാണ്'. ശക്തമായ പ്രതിരോധമുണ്ടാകുമെന്നും വി.ഡി സതീശൻ പറഞ്ഞു.

അതേസമയം, പരാതിയിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വി.സി നിര്‍ദേശം നല്‍കി.   കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും എം.എ മലയാളം വിദ്യാർഥിയുമായ സാൻജോസിനെ കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിലിട്ട് എസ്.എഫ്.ഐ പ്രവർത്തകർ മര്‍ദിച്ചെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. തുടർന്ന് എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അർധരാത്രി കെ.എസ്‌.യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തി. ചാണ്ടി ഉമ്മൻ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ഇതിനിടെ ഉപരോധത്തിൽ പങ്കെടുക്കാനെത്തിയ എം. വിൻസെന്റ് എം.എൽ.എയെ എസ്.എഫ്.ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. തുടർന്ന് നടന്ന സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു.

സ്റ്റേഷൻ ഉപരോധത്തിൽ പങ്കെടുത്ത കോൺഗ്രസ് എം.എൽ.എമാർ അടക്കമുള്ളവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു. സാൻജോസിന്റെ പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും സ്റ്റേഷന് മുന്നിലെ സംഘർഷത്തിൽ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്‌ നന്ദൻ അടക്കമുള്ളവർക്കെതിരെയും കേസെടുത്തു. എന്നാൽ ഇതിനിടയിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായും കെ.എസ്.യു ആരോപിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News