ബേലൂർ മഗ്ന ദൗത്യത്തിനായി എത്തിയ കേരള സംഘത്തെ കർണാടക തടഞ്ഞു
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം
വയനാട്: ബേലൂർ മഗ്ന ദൗത്യത്തിനായി അതിർത്തിയിലെത്തിയ കേരള സംഘത്തെ കർണാടക തടഞ്ഞു. ബാവലി ചെക്പോസ്റ്റിൽ ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെ അതിർത്തി കടക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇതിന് പിന്നാലെ ആന ഇന്നലെ പുഴ മുറിച്ചു കടന്നു കേരളത്തിലെത്തിയിരുന്നു.
അതേസമയം മഗ്ന ദൗത്യം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ ലഭിച്ച സിഗ്നലുകൾ പ്രകാരം ആന കർണാടക വനമേഖലയിലാണ്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ് വനം വകുപ്പ് ദൗത്യസംഘം. ഇന്നലെ പുലർച്ചെ കബനി നദി കടന്ന് മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിൽ ബേലൂർ മഗ്ന എത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ആന കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ പട്രോളിങ്ങും നിരീക്ഷണവും തുടരാനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം.
അതേസമയം മനുഷ്യ - വന്യജീവി സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര വനം വകുപ്പ് മന്ത്രി ഇന്ന് വയനാട്ടിലെത്തും. വൈകിട്ട് ആറരയോടെ എത്തുന്ന മന്ത്രി ഭൂപേന്ദ്ര യാദവ്, രാത്രി വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളെ കാണും. നാളെ രാവിലെ കലക്ടറേറ്റിൽ ജില്ലാ ഭരണകൂടവും വനംവകുപ്പുദ്യോഗസ്ഥരും സംബന്ധിക്കുന്ന ഉന്നതതല യോഗവും മന്ത്രിയുടെ അധ്യക്ഷതയിൽ ചേരും. കഴിഞ്ഞ ദിവസം വയനാട് എം. പി രാഹുൽ ഗാന്ധിയും മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. സംസ്ഥാന സർക്കാരിൽ നിന്നുള്ള മന്ത്രിതല സംഘവും ഗവർണറും കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലെത്തി.