കാസർകോട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കി
ഹോട്ടലിലെ ഫ്രീസറുകൾ അശാസ്ത്രിയമായ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
കാസര്‍കോട്: കാസർകോട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദ് ചെയ്തു. ഹോട്ടലിലെ ഫ്രീസറുകൾ അശാസ്ത്രിയമായ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
ഡിസംബർ 31ന് അടുക്കത്ത് വയലിലെ അൽ റൊമാൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ബേനൂർ സ്വദേശി അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. ഒന്നാം തീയതി രാവിലെ സ്വകാര്യ ആശുപത്രിയിലെത്തിയ യുവതി ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച അസ്വസ്ഥത രൂക്ഷമായതോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം.
ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പോസ്റ്റ് മോർട്ടത്തിനായി അഞ്ജുശ്രീയുടെ മൃതദേഹം പരിയാരത്തേക്ക് കൊണ്ട് പോയി. ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി സീൽ ചെയ്തു. ഹോട്ടലിലേക്ക് വിവിധ യുവജന സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.