കാസർകോട് ബേക്കൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ റാഗിങ്; പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമര്‍ദനം
സ്കൂളിൽ ഷൂ ഇട്ട് വന്നതിന് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
കാസർകോട്: കാസർകോട് ബേക്കൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർഥി പെർമുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീൽ ഷെഹ്സാദിനെയാണ് മർദ്ദിച്ചത്. സ്കൂളിൽ ഷൂ ഇട്ട് വന്നതിന് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. വിദ്യാർഥിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച വെെകുന്നേരമാണ് സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥികൾ ഷൂ ഇടാൻ പാടില്ലെന്നും ചെരുപ്പ് ഇട്ടു വരണമെന്നും പറഞ്ഞായിരുന്നു മർദനം. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്നാണ് മർദിച്ചത്. വിദ്യാർഥിയെ സ്കൂൾ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും നെഞ്ചിലും അടി കിട്ടിയിട്ടുണ്ട് എന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.