സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്ന ഇടനാഴിയായി കാസർകോട്ടെ അതിർത്തി റോഡുകൾ
പൊലീസ് പരിശോധനകളില്ലാത്ത മറ്റ് 12 അതിർത്തി റോഡുകൾ വഴിയാണ് ജില്ലയിലേക്ക് ലഹരി എത്തുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടയിൽ കാസർകോട് രജിസ്റ്റർ ചെയ്തത് 719 കേസുകളാണ്.
കാസർകോട്: സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്ന ഇടനാഴിയാവുകയാണ് കാസർകോട്ടെ അതിർത്തി റോഡുകൾ. ആന്ധ്രയിൽനിന്ന് കഞ്ചാവും ഗോവ, കർണാടക സംസ്ഥാനങ്ങളിൽനിന്ന് സിന്തറ്റിക്ക് ലഹരികളുമാണ് ജില്ലയിലെ അതിർത്തി വഴി സംസ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ എഴുനൂറിലധികം ലഹരിക്കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്.
കർണാടകയിൽനിന്ന് കാസർകോട് ജില്ലയിലേക്ക് പ്രവേശിക്കാൻ 17 റോഡുകളുണ്ട്. ഇത് കൂടാതെ ഇടവഴികൾ വേറെയും. ഇതിൽ തലപ്പാടി ദേശീയ പാത , അടുക്കസ്ഥല അഡ്യാനടുക്ക റോഡ്, ആദൂർ- കൊട്ടിയാടി - സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്, പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ് എന്നി അഞ്ച് റോഡുകളിലാണ് ചെക്ക് പോസ്റ്റുകളും സ്ഥിരം പൊലീസ് പരിശോധനുമുള്ളത്.
പൊലീസ് പരിശോധനകളില്ലാത്ത മറ്റ് 12 അതിർത്തി റോഡുകൾ വഴിയാണ് ജില്ലയിലേക്ക് ലഹരി എത്തുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടയിൽ കാസർകോട് രജിസ്റ്റർ ചെയ്തത് 719 കേസുകളാണ്. 850 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. 701 ഗ്രാം എം.ഡി.എം.എയും, 193 കിലോ കഞ്ചാവും, 152 ഗ്രാം ഹാഷിഷ് ഓയിലുമാണ് പൊലീസ് പിടികൂടിയത്.