മാനദണ്ഡങ്ങള്‍ മറികടന്ന് കോവിഡ് നിയന്ത്രണങ്ങള്‍; പൊലീസ് പൊതുജനങ്ങളെ പീഡിപ്പിക്കുന്നതായി ആരോപണം
കാസർകോട് മേൽപറമ്പ് പൊലീസാണ് ചെമ്മനാട് പഞ്ചായത്തിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ കോവിഡ് നിയന്ത്രങ്ങളുടെ പേരിൽ പൊലീസ് വ്യാപാരികളെയും പൊതുജനങ്ങളെയും പീഡിപ്പിക്കുന്നതായി ആരോപണം. കാസർകോട് മേൽപറമ്പ് പൊലീസാണ് ചെമ്മനാട് പഞ്ചായത്തിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് സർക്കാർ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. പുതിയ നിർദേശം അനുസരിച്ച് ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്കിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളില്‍ കാറ്റഗറി തിരിച്ചാണ് ലോക്ക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കാസർകോട് ചെമ്മനാട് പഞ്ചായത്ത് ബി കാറ്റഗറിയിലാണ്. അതായത് ശരാശരി ടി.പി.ആർ നിരക്ക് 20 ശതമാനത്തിന് താഴെ. പഞ്ചായത്തിൽ ഇതനുസരിച്ചുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം. എന്നാൽ മേൽപറമ്പ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിയന്ത്രണങ്ങൾ കടുപ്പിക്കുകയായിരുന്നു.
പുതിയ മാനദണ്ഡങ്ങളും ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനങ്ങളും പരിഗണിക്കാതെ ഓരോ സ്റ്റേഷൻ പരിധികളിലും പൊലീസ് തന്നെ നേരിട്ട് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയാണ്. ഇത് തദ്ദേശ സ്ഥാപന അധികൃതരിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.