സാദിഖലി തങ്ങൾ സംസാരിക്കുന്നത് ആർ.എസ്എസ് ഭാഷയിൽ: ഐ.എൻ.എൽ

സാദിഖലി തങ്ങളുടെ പ്രസ്താവനയിൽ ലീഗ് അണികൾ പ്രകോപിതരായി തെരുവിലിറങ്ങുന്ന കാലം വിദൂരമല്ലെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.

Update: 2024-02-04 08:44 GMT
Advertising

കോഴിക്കോട് : ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് സംഘപരിവാരം കെട്ടിപ്പടുത്ത രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആർ.എസ്.എസ് ഭാഷ്യം കടമെടുത്തതാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആരോപിച്ചു. അയോധ്യയിൽ രാമക്ഷേത്രം പണിത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ ദുഷ്ടലാക്കിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കാത്ത സാദിഖലിയുടെ വിവരക്കേടുകളുടെ വിളംബരം അണികളെ പ്രകാേപിതരാക്കിയതിൽ അത്ഭുതപ്പെടാനില്ല. സംസ്ഥാന പ്രസിഡന്റിനെതിരെ ലീഗ് അണികൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യമൊട്ടുക്കുമുള്ള പള്ളികളുടെമേൽ അവകാശവാദം ഉന്നയിച്ച് വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാരം കച്ചകെട്ടി ഇറങ്ങിയ ഒരു ഘട്ടത്തിൽ ലീഗ് അധ്യക്ഷൻ ന്യൂനപക്ഷങ്ങളെ ബലി കൊടുക്കാൻ ഒരുങ്ങിയതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ രാമക്ഷേത്ര പ്രകീർത്തനം. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനുള്ള സാദിഖലിയുടെ വാചാടോപങ്ങളോട് മുസ്‌ലിം ലീഗിലെ മറ്റു നേതാക്കൾ യോജിക്കുന്നുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്. വിഷയത്തിൽ പ്രബുദ്ധ കേരളം ഉചിതമായി പ്രതികരിക്കുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News