കാവ്യമാധവനെ ചോദ്യംചെയ്യുന്നതിൽ ഇന്ന് തീരുമാനം
കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ ചോദ്യംചെയ്യലിന് ഹാജരാകണം എന്നായിരിക്കും ആവശ്യപ്പെടുക
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യംചെയ്യുന്നതിൽ അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ ചോദ്യംചെയ്യലിന് ഹാജരാകണം എന്നായിരിക്കും ആവശ്യപ്പെടുക. നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടീസ് നൽകാനാണ് സാധ്യത.
സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന ഒരിടം മൊഴി എടുക്കുന്നതിനായി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ സംഘം. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയും അന്വേഷണ സംഘം ഉടന്‍ ചോദ്യംചെയ്യും. സ്ഥലത്തില്ലാത്തതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് ഇരുവരും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മറുപടി നൽകിയത്. പുതിയ ശബ്ദരേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇരുവരെയും ചോദ്യംചെയ്യാൻ തീരുമാനിച്ചത്. ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനാണ് ഇരുവർക്കും നോട്ടീസ് നൽകിയത്.
അതിനിടെ എ.ഡി.ജി.പി എസ് ശ്രീജിത് ഉൾപ്പെടെയുളള അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകി. പൊതുസമൂഹത്തിൽ പ്രതികളെയും ബന്ധുക്കളെയും ജുഡീഷ്യറിയെ തന്നെയും അപമാനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ എ.ഡി.ജി.പി ശ്രീജിത്തിന്‍റെ കുടുംബ സുഹൃത്താണ്. പൊലീസ് കസ്റ്റിഡിയിലിരിക്കെ സായി ശങ്കറിന്റെ അഭിമുഖത്തിന് മാധ്യമങ്ങൾക്ക് അവസരം നൽകിയെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിക്കുന്നു.