കഴക്കൂട്ടത്ത് കാണാതായ 13 കാരിക്കായി തിരച്ചില്‍ ഊര്‍ജിതം
വിവരം ലഭിക്കുന്നവർ 9497960113, 9497980111 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ രാവിലെ 10 മണി മുതലാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതായത്. സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചാണ് പൊലീസ് അന്വേഷണം. കുട്ടിയുടെ വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. അന്വേഷണം രാത്രിയിലും തുടരുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും കുട്ടി പോയത് ബാഗുമായാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യത്തിലുള്ളത് മകള്‍ തന്നെയാണെന്ന് മാതാവ് സ്ഥിരീകരിച്ചു.
കണിയാപുരം ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. സംഭവത്തിൽ കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അസാമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂ. അതേസമയം കുട്ടിയെ കണ്ടതയി സൂചന ലഭിച്ച അരോണയ് എക്സ്പ്രസ് ട്രെയിനില്‍ പാലക്കാട് നിന്നും പൊലീസ് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പരിശോധനയ്ക്ക് പിന്നാലെ ട്രെയിന് പാലക്കാട് വിട്ടു. രണ്ട് പൊലീസുകാര്‍ ട്രെയിനില്‍ തുടരുന്നുണ്ട്. കോയമ്പത്തൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ വീണ്ടും പരിശോധിക്കും.
അതേസമയം എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ നൽകിയിട്ടുള്ള നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്. 9497960113, 9497980111.