കുറച്ചുനാൾ ഇനി വിവാദത്തിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കേണ്ട-ഗണേഷ് കുമാർ
''കോൺഗ്രസുകാർ ആരോ കൊടുത്ത ഒരു കേസല്ലാതെ, ഇന്ത്യാ മഹാരാജ്യത്ത് ഒരു ക്രിമിനൽ കേസുമില്ലാത്ത ആളാണ് ഞാൻ.''
തിരുവനന്തപുരം: തന്നെ ഇനി കുറച്ചുനാൾ വിവാദത്തിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കേണ്ടെന്ന് കെ.ബി ഗണേഷ് കുമാർ. ഗതാഗത വകുപ്പിനെ മുൾക്കിരീടമായി കരുതുന്നില്ല. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. കോൺഗ്രസുകാർ കൊടുത്ത കേസല്ലാതെ ഒരു ക്രിമിനൽ കേസുമില്ലാത്തയാളാണു താനെന്നും ഗണേഷ് 'മീഡിയവണി'നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'നേര്' ചിത്രത്തിലെ പോലെ നല്ല വേഷങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഏതു വകുപ്പാണു നൽകുന്നതെങ്കിലും അതിനനുസരിച്ച് പ്രവർത്തിക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഗതാഗത വകുപ്പ് മുൾക്കിരീടമായി കാണുന്നില്ല. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടയാളാണ്. ഇതിനെയും ഒരു പ്രതിസന്ധിയായാണു കാണുന്നത്. ഏതു പ്രതിസന്ധി വന്നാലും അതിനെ നേരിടാൻ മനുഷ്യന്റെ അകത്ത് ആത്മവിശ്വാസം എന്നൊരു കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ കോടതി ഇടപെടലുകൾ പലതും ന്യായമാണ്. ചിലതെല്ലാം അന്യായവുമാണ്. ശമ്പളം കൊടുക്കണമെന്ന കോടതിയുടെ ഉത്തരവ് ശരിയാണെങ്കിലും നമ്മുടെ പരിമിതി മനസിലാക്കണം. സർക്കാർ ഖജനാവിൽനിന്നാണ് ശമ്പളവും പെൻഷനുമെല്ലാം നൽകിക്കൊണ്ടിരുന്നത്. സാമ്പത്തികമായി വലിയൊരു പ്രതിസന്ധിയിലാണു സർക്കാർ. കേന്ദ്ര സർക്കാർ കടമെടുക്കാൻ സമ്മതിക്കുന്നില്ല. ഒരു ദിവസം രാവിലെ ഞാൻ വന്ന് ഇതെല്ലാം ലാഭത്തിലാക്കാൻ കഴിയില്ല. സാമ്പത്തിക അച്ചടക്കം കൊണ്ടുവരാനും ചോർച്ചകൾ അടക്കാനുമാകും.
തൊഴിലാളി യൂനിയനുകൾ സ്‌നേഹത്തോടെ ഇടപെടുമെന്നാണു പ്രതീക്ഷ. അവർ ഭരിക്കാൻ സമ്മതിക്കില്ലെന്ന നിലയ്ക്ക് ഇറങ്ങിയാൽ പിന്നീട് ഒന്നും ചെയ്യാനാകില്ല. തൊഴിലാളികളുടെ ക്ഷേമത്തിന് ഏറ്റവും പ്രാമുഖ്യം നൽകിയയാളാണ് ഞാൻ. യു.ഡി.എഫിലായിരുന്നിട്ടുകൂടി അന്ന് സി.ഐ.ടി.യുവും എന്നോട് സഹകരിച്ചു. ഇപ്പോഴും എല്ലാവരും സഹകരിക്കണം. പ്രസ്ഥാനം നിലനിൽക്കുകയും തൊഴിലാളികൾ നല്ല രീതിയിൽ ജീവിക്കുകയും വേണം.''
തന്നെ വിവാദത്തിലേക്കു വലിച്ചിഴക്കാൻ ഇനി കുറച്ചുനാൾ പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. എനിക്കെതിരായ ആരോപണങ്ങളും ആക്ഷേപങ്ങളുമെല്ലാം ഒന്നും സത്യമല്ലെന്നു തെളിഞ്ഞു. കോൺഗ്രസുകാർ ആരോ കൊടുത്ത ഒരു കേസല്ലാതെ, ഇന്ത്യാ മഹാരാജ്യത്ത് ഒരു ക്രിമിനൽ കേസുമില്ലാത്ത ആളാണ് ഞാൻ. എന്നെപ്പറ്റി അനാവശ്യങ്ങൾ പറഞ്ഞുണ്ടാക്കുകയാണ്. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു കാലം തെളിയിച്ചുവെന്നും ഗണേഷ് കുമാർ പറഞ്ഞു.
നേര് പോലുള്ള നല്ല വേഷങ്ങൾ വന്നാലേ ഇനി അഭിനയിക്കുന്നുള്ളൂ. ഇനി അഭിനയം വേണ്ടെന്നു തീരുമാനിച്ചതായിരുന്നു. 'ബാന്ദ്ര'യിൽ അഭിനയിച്ചു മനസിനു നല്ല വിഷമമായി. അങ്ങനെയിരിക്കുമ്പോഴാണ് ജിത്തു ജോസഫ് എന്നെ വിളിക്കുന്നത്. കഥ കേട്ടപ്പോൾ പടത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. എന്നാൽ, ഡേറ്റിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി. ആ സമയത്ത് വിദേശയാത്ര തീരുമാനിച്ചിരുന്നതാണ്. എന്നാൽ, മോഹൻലാൽ ഒരു കന്നട ചിത്രത്തിന്റെ തിയതി എനിക്കു വേണ്ടി മുന്നോട്ടേക്ക് മാറ്റുകയായിരുന്നുവെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
Summary: KB Ganesh Kumar said that no one should try to drag him into controversy for some time