'ബിനോയ് വിശ്വത്തെ ധൃതിപിടിച്ച് സെക്രട്ടറി ആക്കേണ്ടിയിരുന്നില്ല'-അതൃപ്തിയറിയിച്ച് കെ.ഇ ഇസ്മായിൽ
''കാനം രാജേന്ദ്രന്റെ കത്ത് ഞങ്ങൾ ആരും കണ്ടിട്ടില്ല. ചികിത്സയിലിരിക്കെയാണ് അദ്ദേഹം അത്തരമൊരു കത്ത് കൊടുത്തതെന്നാണു പറയുന്നത്''
പാലക്കാട്: ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് ധൃതിപിടിച്ച് നിയമിക്കേണ്ടിയിരുന്നില്ലെന്ന് മുതിർന്ന നേതാവ് കെ.ഇ ഇസ്മായിൽ. പാർട്ടിയുടെ കീഴ്‌വഴക്കം ലംഘിച്ചതായ സംശയം പാർട്ടിക്കാർക്കും വ്യക്തിപരമായി തനിക്കുമുണ്ട്. സെക്രട്ടറിയെ അടിയന്തരമായി നിയമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
''28നു കൂടുന്ന സ്റ്റേറ്റ് കൗൺസിലിൽ ഔദ്യോഗിക സെക്രട്ടറിയെ പ്രഖ്യാപിക്കും. ഇത്ര തിരക്കുപിടിച്ച് പുതിയ സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടിയിരുന്നോ എന്ന സംസാരം അന്ന് ചേർന്ന കമ്മിറ്റിയിലുണ്ടായെന്ന റിപ്പോർട്ട് മാധ്യമങ്ങളിൽ വന്നു. അതുകണ്ടാണ് ഞാനും ആ അഭിപ്രായം പറഞ്ഞത്.''-കെ.ഇ ഇസ്മായിൽ പറഞ്ഞു.
''ബിനോയ് വിശ്വം കഴിവുകെട്ടവനാണെന്നോ അയോഗ്യനാണെന്നോ അഭിപ്രായമില്ല. ചെറുപ്പക്കാരുടെ പ്രതിനിധിയായിരുന്നു. വളരെ നല്ല സെക്രട്ടറിയാകുമെന്നാണു പ്രതീക്ഷ. കാര്യശേഷിയും കർമശേഷിയും ഫലപ്രദമായി വിനിയോഗിച്ചാൽ പ്രസ്ഥാനത്തിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാൻ കഴിയുമെന്നാണു കരുതുന്നത്.
കാനം രാജേന്ദ്രന്റെ കത്ത് ഞങ്ങൾ ആരും കണ്ടിട്ടില്ല. ചികിത്സയിലിരിക്കെയാണ് അദ്ദേഹം അത്തരമൊരു കത്ത് കൊടുത്തതെന്നാണു പറയുന്നത്. ചികിത്സ കഴിഞ്ഞ് അദ്ദേഹം പ്രവർത്തനനിരതനായി രംഗത്തുവരുമെന്ന ശുഭപ്രതീക്ഷയായിരുന്നു എല്ലാവർക്കുമുണ്ടായിരുന്നത്. എന്നാൽ, പെട്ടെന്നാണു സ്ഥിതിഗതികൾ മാറിമറിഞ്ഞത്. ഇതിനിടയിൽ സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ട അടിയന്തരാവശ്യമുണ്ടായിരുന്നില്ല.''
ബിനോയ് വിശ്വം മികച്ച സഖാവാണ്. നല്ല സംഘാടകനാണ്. എന്നാൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിന്തുടർച്ചാവകാശമില്ലെന്നും ദേശീയ നേതൃത്വം ചർച്ചകൾക്കുശേഷം സെക്രട്ടറിയെ നിയമിച്ചാൽ മതിയായിരുന്നുവെന്നും കെ.ഇ ഇസ്മായിൽ കൂട്ടിച്ചേർത്തു.
Summary: Senior leader KE Ismail said that Binoy Viswam should not have been appointed as CPI state secretary in haste.