നിയമസഭാ കയ്യാങ്കളിക്കേസില്‍ വിധി നാളെ: മന്ത്രി ശിവന്‍കുട്ടി അടക്കം ആറ് പ്രതികള്‍; സര്‍ക്കാരിന് നിര്‍ണായകം

നിയമസഭക്കുള്ളില്‍ നടന്ന ഒരു സംഘര്‍ഷത്തില്‍ മന്ത്രി വിചാരണ നേരിടണമെന്ന കോടതിവിധിയുണ്ടായാല്‍ മന്ത്രിയുടെ രാജിക്കായി ആവശ്യമുയരും. ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ടി ജലീല്‍ ബന്ധുനിയമനത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധിയെത്തുടര്‍ന്ന് രാജിവെച്ചിരുന്നു. ലോകായുക്തയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാജിവെച്ച ആദ്യമന്ത്രിയായിരുന്നു ജലീല്‍.

Update: 2021-07-27 14:17 GMT
Advertising

വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അടക്കം ആറ് നേതാക്കള്‍ പ്രതികളായ നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമാവും. കേസില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച് നാളെ രാവിലെ വിധി പറയും. ശിവന്‍കുട്ടിക്ക് പുറമെ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍, കെ. അജിത്ത് എന്നിവര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ വിധിയെക്കുറിച്ച് ഏകദേശ സൂചന നല്‍കുന്നതാണ്. നിയമസഭക്കുള്ളില്‍ നടന്ന സംഭവങ്ങള്‍ രാഷ്ട്രീയപ്രതിഷേധമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സഭക്കുള്ളില്‍ നടന്ന സംഭവങ്ങളില്‍ നടപടിയെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ച കേസിനെ രാഷ്ട്രീയ പ്രശ്‌നം മാത്രമായി കാണാനാവില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഒരാള്‍ തോക്കുമായി നിയമസഭയിലെത്തിയാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകനോട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ചോദ്യം. കേസില്‍ ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

കോടതിവിധി എതിരായാല്‍ സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാവും. മന്ത്രിപദവിയില്‍ മന്ത്രി ശിവന്‍കുട്ടിയുടെ ഭാവിയും ത്രിശങ്കുവിലാവും. നിയമസഭക്കുള്ളില്‍ നടന്ന ഒരു സംഘര്‍ഷത്തില്‍ മന്ത്രി വിചാരണ നേരിടണമെന്ന കോടതിവിധിയുണ്ടായാല്‍ മന്ത്രിയുടെ രാജിക്കായി ആവശ്യമുയരും. ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ടി ജലീല്‍ ബന്ധുനിയമനത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധിയെത്തുടര്‍ന്ന് രാജിവെച്ചിരുന്നു. ലോകായുക്തയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാജിവെച്ച ആദ്യമന്ത്രിയായിരുന്നു ജലീല്‍.

കോടതി വിധികളോ, പരാമര്‍ശങ്ങളോ മന്ത്രിമാര്‍ക്കെതിരെ ഉണ്ടായാല്‍ രാജിവെക്കുന്നതാണ് കീഴ്‌വഴക്കം. കെ. കരുണാകരന്‍ രണ്ടുതവണ മുഖ്യമന്ത്രി പദം രാജിവെച്ചിരുന്നു. 1978ല്‍ രാജന്‍കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ആദ്യരാജി. 1995ല്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ തുടര്‍ന്നും രാജിവെച്ചിരുന്നു. 1986ല്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ വിവാഹം കഴിപ്പിച്ചതിന്റെ പേരിലുള്ള കോടതിവിധിയില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന എം.പി ഗംഗാധരന്‍ രാജിവെച്ചു. ഇടമലയാര്‍ കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് 1995ല്‍ ആര്‍. ബാലകൃഷ്ണ പിള്ള രാജിവെച്ചു. 2005ല്‍ ചന്ദന മാഫിയ കേസിലെ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്ന കെ.പി വിശ്വനാഥന്‍ രാജിവെച്ചു. 2015ല്‍ ബാര്‍ കോഴക്കേസില്‍ കോടതിവിധി എതിരായതിനെ തുടര്‍ന്ന് കെ.എം മാണി രാജിവെച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News