കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ ദിനപ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും
തിരുവനന്തപുരം: കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കുടുംബശ്രീ ദിനപ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും.
തിങ്കളാഴ്ചയാണ് കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ തുടക്കമായത്. ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് 1998 മെയ് 17നാണ് കുടുംബശ്രീ രൂപം കൊള്ളുന്നത്. സ്ത്രീകളുടെ സാമ്പത്തിക,സാമൂഹിക ശാക്തീകരണത്തിനുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ വഴി നടപ്പിലാക്കി. രജതജൂബിലെ ആഘോഷങ്ങളുടെ ഭാഗമായി മാഗ്സസെ പുരസ്കാര ജേതാവ് അരുണാ റോയ്, പത്മശ്രീ ജേതാക്കളായ കെ.വി റാബി, ലക്ഷ്മിക്കുട്ടിയമ്മ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിവിധ പാനല്‍ ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീയിലുള്ള സ്ത്രീകളും പാനലില്‍ അംഗങ്ങളാണ്.
മൂന്ന് ദിവസമായി പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വിവിധ പരിപാടികളിലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഇവര്‍ക്കുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കുന്നതും വിവിധ കുടുംബശ്രീ യൂണിറ്റുകളാണ്. ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കുന്നുണ്ട്. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കുടുംബശ്രീയുടെ ആദ്യ ഡിജിറ്റല്‍ റേഡിയോയായ റേഡിയോ ശ്രീയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കുടുംബശ്രീയുടെ പുതിയ ലോഗോ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് പ്രകാശനം ചെയ്യുന്നത്.