സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്; എൽഡിഎഫിന് പരാതി നൽകാനൊരുങ്ങി കേരള കോൺഗ്രസ്
ജോസ് കെ മാണിയെയും കേരള കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്ന തരത്തിലുള്ള അവലോകന റിപ്പോര്‍ട്ടായിരുന്നു സിപിഐയുടേത്
കേരള കോൺഗ്രസിനെ വിമർശിച്ചുള്ള സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ എൽഡിഎഫിന് പരാതി നൽകാനൊരുങ്ങി കേരള കോൺഗ്രസ്. സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാവും പരാതി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ കേരള കോൺഗ്രസിനോട് പെരുമാറുന്നത്. സിപിഐ റിപ്പോര്‍ട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയെന്നും പരാതിയിൽ ഉന്നയിക്കും.
ജോസ് കെ മാണിയെയും കേരള കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്ന തരത്തിലുള്ള അവലോകന റിപ്പോര്‍ട്ടായിരുന്നു സിപിഐയുടേത്. ജോസ് കെ മാണി ജനകീയനല്ലെന്നും പാലായില്‍ പരാജയപ്പെടാന്‍ കാരണം ഇതാണെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ അവലോകന റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സിപിഐ നേതാക്കള്‍ പരാജയപ്പെട്ടത് അവര്‍ ജനകീയരല്ലാത്തതുകൊണ്ടാണോ എന്ന മറുചോദ്യം കേരള കോണ്‍ഗ്രസ് എം ഉന്നയിച്ചു. ശേഷമാണ് എല്‍.ഡി.എഫിന് പരാതി നല്‍കാന്‍ അവര്‍ തീരുമാനമെടുക്കുന്നത്. പാര്‍ട്ടി ചെയര്‍മാനെയക്കം വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും വിശദീകരണ കുറിപ്പ് പോലും സിപിഐ പുറത്തുവിട്ടിട്ടില്ല എന്നതാണ് ഈ തുറന്ന പോരിന് വഴിയൊരുക്കുന്നത്.