തോമസ് ചാഴിക്കാടൻ എങ്ങനെ തോറ്റു? സി.പി.ഐയുടെ വിമർശനങ്ങളെന്തിന്? സ്റ്റിയറിങ് കമ്മിറ്റിയുമായി കേരള കോൺഗ്രസ്(എം)
മുഖ്യമന്ത്രിയുടെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാൽ അത്തരം ചർച്ചകൾ ഒഴിവാക്കണമെന്നാണ് കർശന നിർദേശം
കോട്ടയം: തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ കേരളാ കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്. വൈകീട്ട് മൂന്നിന് കോട്ടയത്തെ പാർട്ടി ആസ്ഥാനത്താണ് യോഗം.
കോട്ടയത്ത് തോമസ് ചാഴിക്കാടന്റെ തോൽവി, കേരളാ കോൺഗ്രസിനെതിരെ സി.പി.ഐ നേതൃയോഗങ്ങളിലുണ്ടായ വിമർശനങ്ങൾ എന്നിവ ചർച്ചയാകും. രാജ്യസഭാ സീറ്റ് സി.പി.എം വിട്ടു നൽകിയത് നേട്ടമായെന്ന് കേരളാ കോൺഗ്രസ് വിലയിരുത്തുന്നു. എതിർ വിഭാഗത്തിൻ്റെ വിമർശങ്ങൾ രാജ്യ സഭാ സീറ്റ് ചൂണ്ടിക്കാട്ടിയാണ് കേരളാ കോൺഗ്രസ് പ്രതിരോധിക്കുന്നത്.
ഭരണ വിരുദ്ധ വികാരം, മുഖ്യമന്ത്രിയുടെ നിലപാടുകൾ എന്നിവ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. എന്നാൽ അത്തരം ചർച്ചകൾ ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വം നേതാക്കൾക്കും അണികൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാതലത്തിലാണ് സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം ചേരുന്നത്.