അന്വേഷണ സംഘത്തിൽ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരും; ഡിജിപിക്ക് അതൃപ്തി

പിവി അൻവറിനു പിന്നിലെന്താണെന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അജിത് കുമാറിന്റെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്

Update: 2024-09-03 05:59 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: എഡിജിപി അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തപ്പെട്ട സംഘത്തിൽ ഡിജിപിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. സംഘാംഗങ്ങളെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇന്നലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഡിജിപി മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ചിരുന്നില്ല. ഇതോടൊപ്പം അന്വേഷണസംഘത്തിലുള്ള നാലുപേരും അജിത് കുമാറിനെക്കാൾ റാങ്ക് കുറഞ്ഞവരാണെന്നതും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

കടുത്ത ആരോപണങ്ങൾക്കു പിന്നാലെയും എം.ആർ അജിത് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണ്. അജിതിനെ സ്ഥാനത്തുനിന്നു മാറ്റണമെന്ന ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഇന്നലെ രാത്രി ചേർന്ന മുഖ്യമന്ത്രി-ഡിജിപി യോഗത്തിലാണു തീരുമാനം.

അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് നീക്കാതെ അന്വേഷണം സ്വതന്ത്രമാവില്ലെന്നായിരുന്നു ഡിജിപിയുടെ നിലപാട്. ഇക്കാര്യം യോഗത്തിൽ ഡിജിപി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മറ്റേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.

ഡിജിപി മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെയാണ് പി. ശശി ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണ സംഘാംഗങ്ങളെ തീരുമാനിച്ചത്. ഡിഐജിക്കു പുറമെ ഐജി, ഡിഐജി, രണ്ട് എസ്പി മാർ എന്നിവരാണ് സംഘത്തിലുള്ളത്. ഇതിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐജി സ്പർജൻ കുമാർ, തൃശൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ്, ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ, ഇന്റലിജൻസ് എസ്പി എ ഷാനവാസ് എന്നിവർ അടങ്ങുന്നതാണ് അന്വേഷണസംഘം. ഇതിൽ സ്പർജൻ കുമാറും തോംസൺ ജോസും എംആർ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരാണ്. ഇവർ ദൈനംദിന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് എഡിജിപ്പിക്കാണ്. ഇവർ ഉൾപ്പെട്ട അന്വേഷണം എത്രമാത്രം കാര്യക്ഷമമാകും എന്ന ആശങ്കയാണ് സംസ്ഥാന പൊലീസ് മേധാവി ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ, അന്വേഷണത്തിൽ ഔദ്യോഗികമായി ഉത്തരവിറങ്ങിയിട്ടുണ്ട്. അൻവറിന്റെ മരംമുറി പരാതിയും അജിത് കുമാറിനെതിരായ പരാതിയും അന്വേഷിക്കും. അൻവറിനു പിന്നിലെന്താണെന്ന് ആവശ്യപ്പെട്ടുള്ള അജിത് കുമാറിന്റെ തന്നെ പരാതിയിലും അന്വേഷണം നടക്കും.

Summary: Reportedly, the Kerala DGP Sheikh Darvesh Sahib is deeply dissatisfied with the team tasked to investigate the allegations leveled against ADGP MR Ajith Kumar and others

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News