മഞ്ചേരിയിലും കൊല്ലത്തും നഴ്‌സിംഗ് കോളേജുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി
ഓരോ നഴ്സിംഗ് കോളേജിനും 18 വീതം ആകെ 36 തസ്തികകൾ സൃഷ്ടിക്കാൻ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആരംഭിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ചാണ് നഴ്സിംഗ് കോളേജ് ആരംഭിക്കാൻ അനുമതി നൽകിയത്. ഇതോടൊപ്പം നഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കാനും അനുമതി നൽകി. ഓരോ നഴ്സിംഗ് കോളേജിനും 18 വീതം ആകെ 36 തസ്തികകൾ സൃഷ്ടിക്കാനാണ് അനുമതി നൽകിയത്. 2022-23 അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
നഴ്സിംഗ് കോളേജുകൾ ആരംഭിക്കുന്നതോടെ കൂടുതൽ നഴ്സുമാരെ സൃഷ്ടിക്കുന്നതിനും ഈ മെഡിക്കൽ കോളേജുകളിൽ രോഗീപരിചരണത്തിന് കൂടുതൽ പേരെ ലഭ്യമാക്കാനും സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സർക്കാർ അധികാരത്തിൽ വന്ന ശേഷം നഴ്സിംഗ് കോളേജുകൾ ആരംഭിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയോഗിച്ചിരുന്നു. ഈ സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നഴ്സിംഗ് കോളേജുകൾ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയത്. രണ്ട് മെഡിക്കൽ കോളേജുകളിലും നഴ്സിംഗ് കോളേജുകൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലവും താത്ക്കാലിക കെട്ടിടവും ലഭ്യമാണ്.
ഒന്നാം അധ്യയന വർഷത്തേയ്ക്കുള്ള തസ്തികകളാണ് സൃഷ്ടിച്ചത്. പ്രിൻസിപ്പൽ, പ്രൊഫസർ, അസി പ്രൊഫസർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയർ സൂപ്രണ്ട്, സീനിയർ ക്ലാർക്ക്, ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, ലൈബ്രേറിയൻ ഗ്രേഡ് വൺ, ഹൗസ് കീപ്പർ, ഫുൾടൈം സ്വീപ്പർ, ഡ്രൈവർ കം അറ്റൻഡന്റ്, വാച്ച്മാൻ എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചിരിക്കുന്നത്. എത്രയും വേഗം നടപടിക്രമങ്ങൾ പാലിച്ച് നിയമനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ
- പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻറലി ചാലഞ്ച്ഡിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു.
- കേരള കലാമണ്ഡലം കലാ സാംസ്‌കാരിക കൽപ്പിത സർവ്വകലാശാലയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസുകൾ എന്നിവ പരിഷ്‌ക്കരിക്കാൻ തീരുമാനിച്ചു.
- ഐ.എം.ജി.യിലെ നോൺ അക്കാദമിക് സ്റ്റാഫുകളുടെ 11-ാം ശമ്പള പരിഷ്‌ക്കരണം അംഗീകരിച്ചു.
- സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിൽ 2011-12 മുതൽ 2014-15 വരെയുള്ള കാലയളവിൽ അധിക തസ്തികകളിൽ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപകർക്കും/അനധ്യാപകർക്കും വ്യവസ്ഥകളോടെ സംരക്ഷണാനുകൂല്യം നൽകും.
- ഇന്ത്യൻ സൈന്യത്തിൻറെ ഭാഗമായ GREF, BRO എന്നിവയിൽ നിന്നും വിരമിച്ചവർ/അവരുടെ ഭാര്യ/വിധവ എന്നിവർക്ക് യഥാർത്ഥ താമസ ത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളെ വസ്തു നികുതി അടക്കുന്നതിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കും.
- ബി.എസ്.എഫ്. സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി എന്നീ കേന്ദ്ര പോലീസ് സേനാ വിഭാഗങ്ങളിലെ കേരളത്തിൽ സ്ഥിരതാമസമാക്കിയ വിരമിച്ച ഭടന്മാർ/ വിരമിച്ച ഭടന്മാരുടെ ഭാര്യ/വിധവ എന്നിവർ യഥാർത്ഥ താമസത്തിന് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളെ വസ്തു നികുതി അടക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതോടൊപ്പമാണിത്.
- ആർ.കെ.ഐ യിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്നതിന് വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി.
- സംസ്ഥാനത്തെ 313 ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ പ്രാഥമിക ജലപരിശോധനാ ലാബുകൾ സ്ഥാപിക്കൽ, പാലക്കാട് ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവ് റഗുലേറ്ററിന്റെ അവശേഷിക്കുന്ന പ്രവൃത്തികൾ, വാണിയം കുളം മണ്ണന്നൂരിൽ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ചെക്ക് ഡാമിന്റെ അടിയന്തിര പുനരുദ്ധാരണവും വലതുതീരത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളും സംബന്ധിച്ച പദ്ധതി നിർദ്ദേശങ്ങൾ എന്നിവ നടപ്പാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.
Kerala govt gives permission to set up nursing colleges in Manjeri and Kollam