നികുതി ഭീകരത; ജനത്തെ പിഴിഞ്ഞ് സംസ്ഥാന സർക്കാർ

സാധാരണക്കാരനുമായി ബന്ധപ്പെട്ട മിക്ക മേഖലയിലും നികുതി വർധിപ്പിച്ചു

Update: 2023-02-03 07:29 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: അവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കും വൻതോതിൽ നികുതി വർധന ഏർപ്പെടുത്തി രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം ബജറ്റ്. ഇന്ധനം, ഭൂമി ക്രയവിക്രയം, കെട്ടിടം, വാഹനം, മുദ്രപത്രം, വൈദ്യുതി തുടങ്ങി സാധാരണക്കാരനുമായി ബന്ധപ്പെട്ട മിക്ക മേഖലയിലും നികുതി വർധിപ്പിച്ചു. പെട്രോൾ-ഡീസൽ ലിറ്ററിന് രണ്ടു രൂപയുടെ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തുന്നത് വിലക്കയറ്റത്തിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ നൂറു രൂപയ്ക്ക് മുകളിലാണ് ഒരു ലിറ്റർ പെട്രോളിന് കേരളത്തിലെ വില. ഡീസലിന് നൂറു രൂപയുടെ അടുത്തും. കേന്ദ്രം എക്‌സൈസ് തീരുവ കുറയ്ക്കാത്ത സാഹചര്യത്തിലാണ് ഇന്ധനവില ഉയർന്നു നിൽക്കുന്നത്. ഇതോടൊപ്പമാണ് ഇപ്പോൾ അധികഭാരമായി രണ്ടു രൂപയുടെ സെസ് വരുന്നത്. സെസ് ഏർപ്പെടുത്തുന്നതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

ഭൂമി രജിസ്‌ട്രേഷന് ചെലവേറും

ഭൂമിയുടെ ന്യായവില 20 ശതമാനമാണ് ബജറ്റിൽ വർധിപ്പിച്ചത്. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വർധിപ്പിക്കുന്നത് എന്നാണ് ധനമന്ത്രിയുടെ ന്യായീകരണം. ഫ്‌ളാറ്റുകളുടെയും അപ്പാർട്‌മെന്റുകളുടെയും മുദ്രവില അഞ്ചു ശതമാനത്തിൽനിന്ന് ഏഴു ശതമാനമാക്കി വർധിപ്പിച്ചു.

കെട്ടിട നികുതിയും വർധിപ്പിക്കും. ഇതോടൊപ്പം അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവയ്ക്കും പരിഷ്‌കരിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമിച്ച ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്കും പ്രത്യേക നികുതി ചുമത്തും.

റവന്യൂ ചെലവും റവന്യൂ വരുമാനവും തമ്മിൽ നിലനിൽക്കുന്ന ഭീമമായ വിടവ് നികത്താനാണ് നികുതി വർധിപ്പിക്കുന്നത് എന്നാണ് സർക്കാർ പറയുന്നത്. കേന്ദ്രത്തിൽ നിന്നുള്ള ജിഎസ്ടി നഷ്ടപരിഹാരം നിലച്ചതും സാമ്പത്തികസ്ഥിതി മോശമാക്കിയിട്ടുണ്ട്.

വാഹനത്തിനും കൂടും

ഇരുചക്ര വാഹനം ഉൾപ്പെടെയുള്ള ഫോസിൽ ഫ്യുവൽ വാഹനങ്ങളുടെ നികുതിയും ബജറ്റിൽ വർധിപ്പിച്ചു. രണ്ടു ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുടെ നികുതി രണ്ടു ശതമാനമാണ് വർധിപ്പിക്കുന്നത്. അഞ്ചു ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയിൽ ഒരു ശതമാനവും അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയിൽ രണ്ടു ശതമാനവും 15 മുതൽ മുപ്പത് ലക്ഷം രൂപ വരെയുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വർധിപ്പിക്കും. 340 കോടി രൂപയുടെ അധികവരുമാനമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.

വാഹന രജിസ്‌ട്രേഷൻ വേളയിൽ ഈടാക്കുന്ന സെസിൽ ഇരട്ടി വർധന ഏർപ്പെടുത്തി. ഇരുചക്ര വാഹനങ്ങൾക്ക് അമ്പത് രൂപയായിരുന്നു സെസ്. ഇത് നൂറു രൂപയാക്കി. ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ സെസ് തുക നൂറിൽ നിന്ന് 200 രൂപയാക്കി. മീഡിയം മോട്ടോർ വാഹനങ്ങളുടെ സെസ് 150ൽ നിന്ന് 300 രൂപയും ഹെവി വാഹനങ്ങളുടെ സെസ് 250 രൂപയിൽ നിന്ന് 500 രൂപയായും വർധിപ്പിച്ചു.

അതേസമയം, വൈദ്യുതി വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അഞ്ചു ശതമാനം കുറച്ചു. കോൺട്രാക്ട് കാര്യേജ്, സ്‌റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി പത്തു ശതമാനവും കുറച്ചു.

മദ്യത്തിൽ നിന്ന് വീണ്ടും പിഴിഞ്ഞു

അഞ്ഞൂറു രൂപ മുതൽ വിലയുള്ള മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്താനാണ് ബജറ്റ് നിർദേശം. 500 മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപയും ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപയുമാണ് സെസ് ഈടാക്കുക. നിലവിൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 247 ശതമാനമാണ് നികുതി.


Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News