സിവിക് ചന്ദ്രനെതിരായ പീഡന പരാതി: കീഴ്ക്കോടതിയുടെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി

സിവികിന്‍റെ പ്രായം പരിഗണിച്ച് പുതിയ ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു

Update: 2022-10-13 08:30 GMT
Advertising

ലൈംഗിക പീഡന പരാതി കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ജാമ്യം അനുവദിച്ച കീഴ്‍ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. സിവികിന്‍റെ പ്രായം പരിഗണിച്ച് പുതിയ ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹരജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ പരാർമർശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വലിയ വിമർശനമാണ് കോടതി പരാമർശത്തിനെതിരെയുണ്ടായത്. 

പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നെന്ന കോടതിയുടെ വിവാദ നിരീക്ഷണമടക്കം വിധി റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ഹരജിയിലെ ആവശ്യം. ഈ സാഹചര്യത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കിയത്. പീഡന കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇരയുടെ വസ്ത്രം, സ്വഭാവം, സദാചാരം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി വിധി പ്രകാരം തെറ്റാണെന്ന് ഹരജിക്കാരി വാദിച്ചു. ജസ്റ്റിസ് കൌസര്‍ എടപ്പഗത്താണ് വിവാദ പരാമര്‍ശങ്ങള്‍ നീക്കിയത്.

സിവികിന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ‍്ജി എസ്.കൃഷ്ണകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് മാറ്റിയത്. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News