ഇ.പി ജയരാജനെ വെടിവച്ചു കൊല്ലാൻ ശ്രമം: കെ. സുധാകരന്റെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും
ഗൂഢാലോചനാ കേസിൽ സുധാകരനെതിരെ തെളിവുണ്ടെന്നാണ് സർക്കാർ വാദം
കൊച്ചി: ഇ.പി ജയരാജനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്റെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുക.
കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രം ചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, സുധാകരനെതിരെ ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരജി വിചാരണ കോടതി തള്ളുകയായിരുന്നു.
തുടർന്നാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിപ്പട്ടികയിലുള്ളവർ കുറ്റവിമുക്തരായെങ്കിലും ഗൂഢാലോചനാ കേസിൽ സുധാകരനെതിരെ തെളിവുണ്ടെന്നാണ് സർക്കാർ വാദം. അതിനാൽ ഇതുപ്രകാരമുള്ള ശിക്ഷ സുധാകരനു നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
Summary: Kerala High Court to pronounce judgment on K Sudhakaran's plea seeking acquittal in EP Jayarajan murder attempt case today