നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യമില്ല
സുനിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ നടപടി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. സുനിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ നടപടി. കേസിന്‍റെ വിചാരണ പൂർത്തിയാകാത്തതിനാൽ ആറു വർഷമായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നുമായിരുന്നു സുനിയുടെ ആവശ്യം. വിചാരണ അവസാനഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നേരത്തെ സുപ്രീംകോടതിയും സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസിലെ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാമ്യാപേക്ഷ നല്‍കിയത്. കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.സുനിയുടെ ജാമ്യ വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തൊരു പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.