വെള്ളാപ്പള്ളിയുടെ പ്രസ്താവന: മത- രാഷ്ട്രീയ- സാംസ്കാരിക നേതാക്കൾ മൗനം വെടിയണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ

വർ​ഗീയ ശക്തികൾക്ക് മലപ്പുറത്തിന്റെ മണ്ണിൽ വേരുറപ്പിക്കാൻ സൗകര്യമൊരുക്കാനാണ് നടേശന്റെ പ്രസ്താവന എന്നത് വ്യക്തമാണ്.

Update: 2025-04-06 12:24 GMT
Advertising

കോഴിക്കോട്: മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന അത്യന്തം നികൃഷ്ടമാണെന്നും ഈ വിഷയത്തിൽ പൊതു സമൂഹത്തിന്റെ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും കേരള ജംഇയ്യത്തുൽ ഉലമ നിർവാഹക സമിതി ആവശ്യപ്പെട്ടു. ഒറ്റപ്പെട്ടതെന്ന് തോന്നുന്ന ഇത്തരം പ്രസ്താവനകൾ പിന്നീട് പലരും ഏറ്റെടുക്കുകയും വർ​ഗീയ ശക്തികൾ സാമുദായിക ധ്രുവീകരണത്തിന് അവ ഉപയോഗിക്കുകയും ചെയ്തത് കേരളം കണ്ടതാണ്.

ലൗ ജിഹാദ്, മദ്രസാധ്യാപകരുടെ ശമ്പളം തുടങ്ങി വഖ്‌ഫ് വിഷയത്തിൽ വരെ ചിലരുടെ വ്യാജ പ്രസ്താവനകളാണ് പിന്നീട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സോഷ്യൽമീഡിയയിലെ വർഗീയ- ദേശവിരുദ്ധ കൂട്ടായ്മകൾ ദുരുപയോഗപ്പെടുത്തുന്നതും ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകളാണ്.

മലപ്പുറം ജില്ലയിലെ മുസ്‌ലിംകളും ഹിന്ദുക്കളടക്കമുള്ള മറ്റു ജനവിഭാഗങ്ങളും ഏറെ സൗഹാർദത്തോടെയാണ് ജീവിക്കുന്നത്. ഇത് തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കുറെ കാലമായി നടക്കുന്നുണ്ട്. ജില്ലയിലുണ്ടാവുന്ന അനിഷ്ട സംഭവങ്ങൾക്ക് മതപരിവേഷം നൽകിയാണ് വാർത്തകൾ പുറത്തുവരുന്നത്. അതിന്റെ തുടർച്ചയായി വർ​ഗീയ ശക്തികൾക്ക് മലപ്പുറത്തിന്റെ മണ്ണിൽ വേരുറപ്പിക്കാൻ സൗകര്യമൊരുക്കാനാണ് നടേശന്റെ പ്രസ്താവന എന്നത് വ്യക്തമാണ്.

വർഷങ്ങളായി മലപ്പുറത്ത് പരസ്പര സാഹോദര്യത്തിന്റെ അന്തരീക്ഷത്തിൽ ജീവിക്കുന്ന എസ്എൻഡിപി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനാ നേതാക്കളും ഹിന്ദുമത പണ്ഡിതരും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. മത വിശ്വാസികൾക്കിടയിൽ നിലനിൽക്കേണ്ട സൗഹാർദമെന്നത് പ്രത്യേക സന്ദർഭങ്ങളിൽ മത നേതാക്കൾ വേദികളിൽ ഒന്നിച്ചിരിക്കുന്നതിലൂടെ മാത്രം സാധ്യമാവുന്നതല്ല. വിഷം വമിക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ മലപ്പുറം ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പ്രതികരണം മുസ്‌ലിം സമുദായം പ്രതീക്ഷിക്കുകയാണെന്നും കെജെയു പ്രസ്താവനയിൽ വ്യക്തമാക്കി.

അതോടൊപ്പം, ഒരു സമുദായത്തെ ലക്ഷ്യംവച്ച് ചില കേന്ദ്രങ്ങളിൽ നിന്ന് നിരന്തരമുണ്ടാവുന്ന വർ​ഗീയ പ്രസ്താവനകൾക്കെതിരെ സർക്കാർ നടപടിയെടുക്കണം. തികച്ചും സമാധാനപൂർവം ജീവിക്കുന്ന സമൂഹത്തിൽ ഭിന്നതയും ധ്രുവീകരണവും സൃഷ്ടിക്കുന്നവർക്കെതിരെ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ കണ്ണടയ്ക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കേരള ജംഇയ്യത്തുൽ ഉലമ മുന്നറിയിപ്പ് നൽകി.

പി.പി മുഹമ്മദ്‌ മദനി, ഈസ മദനി, എം സലാഹുദ്ദീൻ മദനി, പ്രൊഫ. എൻ.വി സകരിയ്യ, എം.ടി അബ്ദുസ്സമദ് സുല്ലമി, അബ്ദുറഹ്‌മാൻ മദീനി, എം.എം നദ്‌വി, ഡോ. മുഹമ്മദലി അൻസാരി, ഹനീഫ് കായക്കൊടി തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News