കേരള - കർണാടക മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച: സിൽവർലൈൻ ചർച്ചയായില്ല, നിലമ്പൂര്‍ - നഞ്ചൻകോട് പാത ഉപേക്ഷിക്കും

മലപ്പുറം - മൈസൂര്‍ ദേശീയ പാതയ്ക്ക് തത്വത്തില്‍ ധാരണയായി

Update: 2022-09-18 09:30 GMT
Advertising

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മലപ്പുറം - മൈസൂര്‍ ദേശീയ പാതയ്ക്ക് തത്വത്തില്‍ ധാരണയായി. നിലമ്പൂര്‍ - നഞ്ചന്‍കോട് പദ്ധതിക്ക് പകരം കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍ പദ്ധതിക്ക് ധാരണയായെന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചെങ്കിലും കര്‍ണാടക മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ആയില്ല. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള റെയില്‍, റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയ്ക്ക് വന്നത്. നിലമ്പൂര്‍ - നഞ്ചന്‍കോട് റെയില്‍ പദ്ധതിയുടെ കർണാടകയിലൂടെയുള്ള അലൈൻമെന്റ് കാര്യത്തിൽ അവിടെത്തെ സർക്കാർ ചില എതിർപ്പുകള്‍ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിച്ചു. 

കാണിയൂർ പാതയ്ക്ക് 1300 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്. ഇതിൽ 650 കോടി കേന്ദ്ര സർക്കാരും ബാക്കി 650 കോടിയിൽ കേരള, കർണാടക സർക്കാരുകൾ 325 കോടി വീതം മുടക്കണമെന്നുമായിരുന്നു ധാരണ. പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചതായി കേരള സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കാഞ്ഞങ്ങാട് - കാണിയൂര്‍ പദ്ധതിയും തലശ്ശേരി - മൈസൂര്‍ പദ്ധതിയും അംഗീകരിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ വ്യക്തമാക്കി.

മലപ്പുറം - മൈസൂര്‍ ദേശീയ പാതയ്ക്ക് തത്വത്തില്‍ ധാരണയായി. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നില്ല. പദ്ധതിക്ക് അനുമതി കിട്ടിയാല്‍ മംഗലൂരു വരെ നീട്ടണമെന്ന അഭ്യര്‍ത്ഥന കേരളം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ കര്‍ണാടക ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കേരളം ഇതുവരെ കൈമാറിയില്ല. ഇതുകൊണ്ടാണ് ചര്‍ച്ച നടക്കാത്തതെന്നാണ് വിവരം. ചർച്ചയിൽ കർണാടക ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് മന്ത്രി വി സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കർണാടക ചീഫ് സെക്രട്ടറി ശ്രീമതി വന്ദിത ശർമ തുടങ്ങിയവര്‍ പങ്കെടുത്തു.

Full View
Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News