തരൂരിനെ അവഗണിച്ച് കേരളാ നേതാക്കൾ; അവഗണന ഹൈക്കമാൻഡിന്റെ മനസറിഞ്ഞ്
കേരള നേതാക്കളോട് തരൂരിനും അതൃപ്തി
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂരിനെ കേരളാ നേതാക്കൾ അവഗണിക്കുന്നത് ഹൈക്കമാൻഡിന്റെ മനസറിഞ്ഞ് കൂടിയാണ്. ഖാർഗെ ഹൈക്കമാൻഡ് സ്ഥാനാർഥിയാണെന്ന കൃത്യമായ സന്ദേശം ലഭിച്ചതോടെയാണ് ആദ്യം മനസാക്ഷി വോട്ട് പ്രഖ്യാപിച്ച കെ സുധാകരനടക്കം മലക്കം മറിഞ്ഞത്. ഇതിനിടയിലും പ്രചാരണം ശക്തിപ്പെടുത്തുകയാണ് തരൂർ.
ഹൈക്കമാൻഡ് താൽപര്യത്തെ അവഗണിച്ച് നോട്ടപ്പുള്ളിയാവാൻ ഇല്ലെന്നാണ് കേരള നേതാക്കളുടെ മനസിലിരിപ്പ് . അതിനാൽ തരൂരിനെ നേരിൽ കാണാൻ പോലും മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും തരൂരിനെ കെ.പി.സി.സി അധ്യക്ഷൻ അവഗണിച്ചതിന് പിന്നിലും ഇത് തന്നെയാണ് കാരണം. ആർക്കും മത്സരിക്കാമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വം ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ തരൂർ അത്യപ്തനാണ്.
കെ സുധാകരനും തെലുങ്കാന പി.സി.സി അധ്യക്ഷനുമടക്കമുള്ളവർ സ്വീകരിച്ച പരസ്യ നിലപാട് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നാണ് തരൂർ പക്ഷത്തിന്റെ നിലപാട്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇക്കാര്യം പരിശോധിക്കണമെന്ന ആവശ്യവും ഇവർക്കുണ്ട്. മാത്രമല്ല ഇതുവരേയും മുഴുവൻ വോട്ടർമാരുടേയും ഫോൺ നമ്പർ പോലും തിരഞ്ഞെടുപ്പ് സമിതി കൈമാറിയിട്ടില്ല. സ്വന്തം സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ അവഗണിക്കുമ്പോഴും തരൂർ പ്രചാരണം ശക്തമാക്കുകയാണ്.
തമ്പാനൂർ രവിയടക്കമുള്ള ചില നേതാക്കളെ നേരിൽ കണ്ട തരൂർ മറ്റുള്ളവരെ ഫോണിൽ വിളിച്ചും പിന്തുണ തേടി. ഇന്നും ചില വോട്ടർമാരെ നേരിൽ കാണാൻ തരൂർ ശ്രമിക്കും. വൈകുന്നേരം ചെന്നൈയിലേക്ക് പോകും. ആര് അവഗണിച്ചാലും മത്സര രംഗത്ത് ഉറച്ച് നിൽക്കുമെന്നും തരൂർ ആവർത്തിച്ച് വ്യക്തമാക്കി.