തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഇരുമുന്നണികളും ഒപ്പത്തിനൊപ്പം
നാല് വാര്‍ഡുകള്‍ എല്‍.ഡി.എഫും മൂന്ന് വാർഡുകൾ യു.ഡി.എഫും പിടിച്ചെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. എല്‍.ഡി.എഫും യു.ഡി.എഫും ഒമ്പത് വീതം സീറ്റുകളിലും ബി.ജെ.പി ഒരു സീറ്റിലും വിജയിച്ചു. നാല് വാര്‍ഡുകള്‍ എല്‍.ഡി.എഫും മൂന്ന് വാർഡുകൾ യു.ഡി.എഫും പിടിച്ചെടുത്തു.
ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 76.51 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരുന്നത്.19 വാര്‍ഡുകളില്‍ 9 വീതം സീറ്റുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും വിജയിച്ചു.ഒരു വാര്‍ഡില്‍ ബി.ജെ.പിക്കാണ് വിജയം. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനാണ് നേരിയ നേട്ടം. നാല് വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു.പൂഞ്ഞാര്‍ പഞ്ചായത്ത് പെരുന്നിലം വാര്‍ഡ് ജനപക്ഷത്തില്‍ നിന്നും കോഴിക്കോട് പുതുപ്പാടി കണലാട് വാര്‍ഡ് യു.ഡി.എഫില്‍ നിന്നും എറണാകുളം നെല്ലിക്കുഴി ആറാം വാര്‍ഡും കൊല്ലം അഞ്ചല്‍ പഞ്ചായത്ത് തഴമേല്‍ വാര്‍ഡും ബി.ജെ.പിയില്‍ നിന്നും പിടിച്ചെടുത്തു.
മണിമല മുക്കട,പാലക്കാട് ലക്കിടി പേരൂര്‍ അകലൂര്‍ ഈസ്റ്റ് ,തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട,ചേര്‍ത്തല നഗരസഭ 11 വാര്‍ഡ് എന്നിവ എല്‍.ഡി.എഫ് നിലനിര്‍ത്തി. അതേസമയം മൂന്ന് വാര്‍ഡുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. മുതലമട പറയമ്പള്ളം വാര്‍ഡ്,കണ്ണൂർ ചെറുതാഴം പഞ്ചായത്ത് 16ാം വാർഡ് എന്നിവ യു.ഡി.എഫ് പിടിച്ചെടുത്തു . കോട്ടയം നഗരസഭ പുത്തന്‍തോട്,കിളിമാനൂര്‍ പഴയകുന്നുമ്മല്‍,പാലക്കാട് കരിമ്പ,കോഴിക്കോട് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവ യു.ഡി.എഫ് നിലനിര്‍ത്തി. പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. രണ്ട് സിറ്റിങ് സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്.