മുന്‍ എസ്‍പി മലപ്പുറം ജില്ലയില്‍ നടത്തിയ അനധികൃത ഇടപെടലിൽ സമഗ്രാന്വേഷണം നടത്തണം- കേരള മുസ്‍ലിം ജമാഅത്ത്

'നിയമവിരുദ്ധമായി എടുത്ത എല്ലാ കേസുകളും പിൻവലിക്കണം. അതിക്രമത്തിനിരയായ നിരപരാധികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം.'

Update: 2024-09-08 19:00 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: മുൻ എസ്‍പി സുജിത് ദാസിന്‍റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയില്‍ നടത്തിയ അനധികൃത പൊലീസ് ഇടപെടലിൽ സമഗ്രാന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നിയമപാലകരുടെ അടിസ്ഥാന ബാധ്യതയായിട്ടും ഗൂഢലക്ഷ്യത്തോടെ അതിനെതിരെ നിരന്തരം പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിലക്ക് നിർത്താനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും മലപ്പുറം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

ക്രൈം റിക്കോർഡിൽ രാജ്യത്തിനു തന്നെ മാതൃകയാവുന്ന തരത്തിൽ കുറ്റകൃത്യങ്ങൾ വളരെ കുറവുള്ളതാണ് ഈ പ്രദേശം. അത്തരമൊരു സ്ഥലത്ത് നിയമപാലകരുടെ പരിധി വിട്ടുള്ള നിയമലംഘന പ്രവർത്തനങ്ങളിലൂടെ ഏറെ തെറ്റിദ്ധരിപ്പിക്കാൻ ഇടയായതിനാൽ ഇക്കാലയളവിലുള്ള മുഴുവൻ കേസുകളും സുക്ഷ്മ പരിശോധന നടത്തണം. നിയമവിരുദ്ധമായി എടുത്ത എല്ലാ കേസുകളും പിൻവലിക്കാന്‍ സർക്കാർ മുന്നോട്ടുവരണം. അതിക്രമത്തിനിരയായ നിരപരാധികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

ജനസൗഹൃദമാകേണ്ട പൊലീസ് സ്റ്റേഷനുകൾ അധാർമിക, നിയമലംഘന പ്രവർത്തനങ്ങള്‍ നടത്തുന്ന നിലയിലേക്ക് ഒരു കാരണവശാലും വഴിമാറരുതെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്‍റ് വടശ്ശേരി ഹസൻ മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.

Summary: Kerala Muslim Jamaat demands that the government should conduct a comprehensive inquiry into the illegal police intervention led by the former Malappuram SP Sujith Das

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News