ഓൺലൈൻ തട്ടിപ്പ്: പ്രത്യേക കോള്‍ സെന്ററുമായി പൊലീസ്
155160 എന്ന നമ്പറിൽ വിളിച്ച് പരാതി അറിയിക്കാമെന്ന് പൊലീസ് അറിയിച്ചു
ഓണ്‍ലൈന്‍ തട്ടിപ്പ് പരാതി സ്വീകരിക്കാന്‍ പൊലീസ് പ്രത്യേക കോള്‍ സെന്റർ തുടങ്ങി. പെരുകുന്ന തട്ടിപ്പുകളെക്കുറിച്ച് മീഡിയവണ്‍ നടത്തിയ 'ഡിജിറ്റല്‍ പോക്കറ്റടി' എന്ന പരമ്പരക്ക് ശേഷമാണ് പൊലീസ് ഇടപെടല്‍. 155260 എന്ന നമ്പറിൽ വിളിച്ച് പരാതി അറിയിക്കാമെന്ന് പൊലീസ് അറിയിച്ചു. കേന്ദ്ര സർക്കാരിന് കീഴിലെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന് കീഴിലാണ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കോള്‍ സെന്റർ പ്രവർത്തിക്കുക. നേരത്തെ തന്നെ ഇതിനെ കുറിച്ച ആലോചനകൾ ഉണ്ടായിരുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ നാല് കോടിയോളം രൂപയാണ് സൈബര്‍ മാഫിയ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍ നിന്ന് തട്ടിയെടുത്തത്. പത്തനംതിട്ടയിലെ ഒരു സ്ത്രീക്ക് മാത്രം ഒരു കോടി എണ്‍പത് ലക്ഷം രൂപ നഷ്ടമായി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ 6 മാസത്തിനിടെ 550 പേരാണ് പണം നഷ്ടമായെന്ന പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചത്. ഇവര്‍ക്ക് നഷ്ടമായ തുകയാകട്ടെ അരക്കോടിയോളം രൂപയും. കൊല്ലം ജില്ലയില്‍ നിന്ന് 22 ലക്ഷം രൂപയും തൃശൂരില്‍ നിന്ന് 18 ലക്ഷം രൂപയും വയനാട് നിന്ന് 12 ലക്ഷം രൂപയും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഇടപാടുകാര്‍ക്ക് നഷ്ടമായി.