'അപ്പൊഴേ പറഞ്ഞ് ഇപ്പോ കേറല്ലേ കേറല്ലേന്ന്'; കേരള പൊലീസിന്റെ ട്രാഫിക് ബോധവൽക്കരണ വീഡിയോ സൂപ്പർ ഹിറ്റ്
തെറ്റു ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ എന്ന തലവാചകത്തോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.
ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ വൈറൽ. മൂന്നു പേർ സഞ്ചരിച്ച ബൈക്ക് പൊലീസിനെ കണ്ട് നിർത്തി യു ടേൺ എടുത്തു പോവുന്നതാണ് സംഭവം. വാഹനത്തിൽ നിന്ന് ഇറങ്ങി നടന്നയാളുടെ മുമ്പിൽ പൊലീസ് ജീപ്പ് വന്നു നിൽക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോയ്ക്ക് ബാക്ക് ഗ്രൗണ്ടായി നൽകിയ ശബ്ദമാണ് ശ്രദ്ധപിടിച്ചു പറ്റിയത്. 'ഞാനപ്പൊഴേ പറഞ്ഞ്, ഇപ്പോ കേറല്ലേ, കേറല്ലേ എന്ന്...നില്ല് സമാധാനപ്പെട് ഇപ്പോ രക്ഷപ്പെടുത്താം... അതേ, വ്യക്തമായിട്ട് പ്ലാനെന്താന്നു പറഞ്ഞിട്ടു പോയാ മതി, ഞാൻ മാത്രമല്ല, അവരെല്ലാവരും....' ഇങ്ങനെ പോകുന്നു സിനിമകളില്‍ നിന്നെടുത്ത രസകരമായ സംഭാഷണ ശകലങ്ങൾ.
തെറ്റു ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ എന്ന തലവാചകത്തോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഇതിന് താഴെ പലതരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് ഇപ്പോൾ കണ്ട ശുഷ്‌കാന്തിയൊന്നും പൊലീസിന് കണ്ടില്ലല്ലോ എന്ന് ഒരാൾ ചോദിച്ചു. തെറ്റ് ചെയ്തവർ 'സാധാരണക്കാർ' ആണെങ്കിൽ മാത്രം പേടിച്ചാൽ മതി പൊലീസ് മാമാ എന്നാണ് മറ്റൊരാളുടെ കമന്റ്. കൂടുതൽ പിഴ അടപ്പിക്കണം, ഇനി ആവർത്തിക്കരുത്... ശരിയായ രീതിയിൽ മാസ്‌ക് വച്ചാൽ വെള്ളത്തുണിയിൽ പൊതിയപ്പെടില്ല. ആ ഭയം ഉണ്ടാകണം എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.