സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത; എഴു ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത. എഴു ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ ഇന്ന് മുതൽ 5 ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
വേനൽ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെയുള്ള വെയിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സ് തോതിൽ വർധനയുണ്ടായിരിക്കുന്നത്.